എഡിറ്റര്‍
എഡിറ്റര്‍
മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ ചെന്നൈ തീരത്തേക്ക്
എഡിറ്റര്‍
Saturday 15th March 2014 8:38am

chennai-sea

ചെന്നൈ: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി പുറപ്പെട്ട മലേഷ്യന്‍വിമാനത്തനായുള്ള തിരച്ചില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചെന്നൈ തീരത്തേക്ക് വ്യാപിപ്പിക്കുന്നു.

ഇന്ത്യന്‍ നാവിക സേനയും തീരസംരക്ഷണ സേനയും സഹകരിച്ച് ചെന്നൈ തീരത്തിന് 268 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്.

വിശാഖപട്ടണത്തെ നാവികസേനാ ആസ്ഥാനത്ത്‌നിന്ന് കൂടുതല്‍ സഹായം എത്തിച്ചിട്ടുണ്ട്. ഉപഗ്രഹപരിശോധനയില്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ തുടരുന്നത്.

ഇന്നു മുതല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഡോര്‍ണിയര്‍-228 വിമാനമുപയോഗിച്ചായിരിക്കും നാവികസേന തിരച്ചിലില്‍ പങ്കെടുക്കുക. ദ്വിമാന ദൃശ്യങ്ങള്‍ പകര്‍ത്തുവാനുള്ള നൂതന റഡാറുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡോര്‍ണിയറിലുണ്ട്.

മലേഷ്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നാവിക സേന തെക്കന്‍ ആന്‍ഡമാന്‍ കടല്‍ തീരം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ചെന്നൈ തീരത്തോട് ചേര്‍ന്ന് തിരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ 12 രാജ്യങ്ങളുടെ നേതൃത്വത്തില്‍ 42 കപ്പലുകളും 39 വിമാനങ്ങളുമാണ് വിമാനത്തിന്റെ തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച ഒന്നരയ്ക്കാണ് വിമാനം റഡാര്‍ സ്‌ക്രീനില്‍നിന്ന് അപ്രത്യക്ഷമായത്. കോലാംലംപുരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്ന ബോയിങ് 777200 ഇ.ആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് തീവ്രവാദ സാധ്യത അന്വേഷിക്കുന്നതിന് മലേഷ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. വിമാനത്തില്‍ യാത്രചെയ്ത രണ്ട് പേര്‍ മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായാണ് യാത്രചെയ്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമൊന്നുമില്ലെന്ന്  തെളിഞ്ഞിരുന്നു.

Advertisement