Administrator
Administrator
ഐവറികോസ്റ്റ്: ബാഗ്‌ബോയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
Administrator
Wednesday 27th April 2011 10:05am

lorrent gbagboഅബിദ്ജാന്‍: ഐവറികോസ്റ്റില്‍ തെരഞ്ഞെടുപ്പിനു ശേഷം അധികാരമൊഴിയാതിരിക്കുകയും ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത മുന്‍ പ്രസിഡന്റ് ലോറന്റ് ബാഗ്‌ബോയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പുതിയ പ്രസിഡന്റ് അലസൈന്‍ ക്വട്ടാറ അറിയിച്ചു.

ബാഗ്‌ബോയുടെ അടുത്ത സഹായികള്‍ക്കെതിരെയും അന്വേഷണം തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷമുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് ബാഗ്‌ബോയെ അറസ്റ്റ് ചെയ്തത്. ബാഗ്‌ബോ നടത്തിയ കുറ്റകൃത്യങ്ങളും, കൊലപാതകങ്ങളും അന്വേഷണ വിധേയമാക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ വക്താവ് പാട്രിക്ക് അച്ചി പറഞ്ഞു.

നവംബര്‍ 28ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്വട്ടാറയെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥാനൊഴിഞ്ഞുനല്‍കാതെ ഒരു വിഭാഗം സൈന്യത്തിന്റെ പിന്തുണയില്‍ ഭരണം തുടര്‍ന്ന ബാഗ്‌ബോ രാജ്യത്തെ ഭരണപ്രതിസന്ധിലേയ്ക്കു തള്ളിവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഐവറികോസ്റ്റിലുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ചു മാസമായി രാജ്യം നേരിട്ട പ്രതിസന്ധി ഈ മാസം ആദ്യം ഗബാഗോയുടെ അറസ്റ്റോടെയാണ് അവസാനിച്ചത്. ഏപ്രില്‍ 11ന് ബാഗ്‌ബോ, ഭാര്യ സിമോണ്‍, എന്നിവരേയും 120ലധികം സഹായികളേയും അബിദ്ജാനിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ബാഗ്‌ബോയും ഭാര്യയും തലസ്ഥാനത്ത് രണ്ടിടങ്ങളിലായി വീട്ടുതടങ്കലിലാണ്.

Advertisement