എഡിറ്റര്‍
എഡിറ്റര്‍
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; പൊലീസ് വീഴ്ച്ചയും അന്വേഷിക്കും
എഡിറ്റര്‍
Wednesday 8th March 2017 4:01pm

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വാളയാര്‍ എസ്.ഐയെയാണ് മാറ്റിയത്. പകരം നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.ജെ സോജനാണ് അന്വേഷണ ചുമതല.

പെണ്‍കുട്ടികളുടെ മരണം തുടക്കത്തില്‍ അന്വേഷിച്ചതില്‍ വീഴ്ച്ച പറ്റിയതിനെ കുറിച്ച് അന്വേഷിക്കാന്‍ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. അന്വേഷണ സംഘത്തില്‍ നിന്നും വാളയാര്‍ എസ്.ഐയെ മാറ്റി നിര്‍ത്തിയിട്ടുണ്ട്.

ഒന്നര മാസത്തിനിടെ സഹോദരിമാര്‍ മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കുന്നതില്‍ പൊലീസിന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ജനുവരി 13 നായിരുന്നു 11 വയസു പ്രായമുള്ള മുത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 52 ദിവസങ്ങള്‍ക്ക് ശേഷം സഹോദരിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും കാര്യമായ അന്വേഷണമുണ്ടായിരുന്നില്ല. ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ.ടി.പ്രിയദ മൊഴി നല്‍കുകയും ചെയ്തിരുന്നു. കുട്ടിയുടെ ബന്ധുവായ ഒരു ബന്ധുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.


Also Read: ‘സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ’ ; രാം ഗോപാല്‍ വര്‍മ്മയുടെ വനിതാദിന സന്ദേശത്തിന് ചുട്ട മറുപടി നല്‍കി സോഷ്യല്‍ മീഡിയ


ഇതിനു പിന്നാലെയാണ് രണ്ടാമത്തെ പെണ്‍കുട്ടിയും നിരന്തരമായ പീഡനത്തിന് ഇരയായിരുന്നതായി റിപ്പോര്‍ട്ട് വരുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് സര്‍ജന്‍ ഡോ.പി.ബി ഗുജ്‌റാള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയായിരുന്നു റിപ്പോര്‍ട്ട് കൈമാറിയത്.

സംഭവത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ മകളെ പീഡിപ്പിക്കുന്നത് കണ്ടെന്ന് അമ്മ മൊഴി നല്‍കിയതായ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരേയും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Advertisement