ന്യൂദല്‍ഹി: അഭിനയ രംഗത്തെ മികവ് പരിഗണിച്ച് ടെറിട്ടോറിയല്‍ ആര്‍മി നല്‍കിയ ലഫ്റ്റ്‌നന്റ് കേണല്‍ പദവി അദ്ദേഹം ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് സൈനിക അധികൃതര്‍ അന്വേഷണം തുടങ്ങി. ദല്‍ഹി സൈനിക ആസ്ഥാനത്തെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സൈനിക ആസ്ഥാനത്ത് ഇതുസംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചിട്ടുള്ളത്. തനിക്ക് ലഭിച്ച യൂണിഫോമും സൈനിക മുദ്രകളും പരസ്യചിത്രത്തില്‍ ലാല്‍ ഉപയോഗിച്ചെന്നതാണ് ഒരു പരാതി. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയറാണ് ഈ പരാതി നല്‍കിയത്.

2010 ഡിസംബര്‍ ഒന്നു മുതല്‍ 2011 ജനുവരി 15 വരെ നീണ്ടുനിന്ന ഗ്രാന്റ് കേരള ഷോപ്പിംങ് ഫെസ്റ്റിവലിന്റെ പരസ്യമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മോഹന്‍ലാലും അമിതാഭ് ബച്ചനും പ്രത്യക്ഷപ്പെടുന്ന പ്രസ്തുത പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ തന്റെ പദവലിക്ക് നിരക്കാത്ത രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പ്രതിരോധമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ ബ്രിഗേഡിയര്‍ സി.പി. ജോഷി ആരോപിച്ചിരിക്കുന്നത്.

ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിന് 50 ലക്ഷം രൂപ പ്രതിഫലം നല്‍കി. യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രചാരണ പരിപാടികളില്‍ മാത്രം ഉപയോഗിക്കേണ്ട പദവി ധനസമ്പാദനത്തിനായി വിനിയോഗിച്ചുവെന്നും പദവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ലാലിനെതിരായ റിപ്പോര്‍ട്ടാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സൈനിക ആസ്ഥാനത്ത് എത്തിയിട്ടുള്ളത് എന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കര്‍ശനമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കണോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളൂ.

അതേസമയം താന്‍ അഭിനയിച്ച കാണ്ടഹാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നും അത് ടെറിട്ടോറിയല്‍ ആര്‍മിയുടേതല്ലെന്നുമാണ് മോഹന്‍ലാല്‍ നല്‍കുന്ന വിശദീകരണം. സൈനിക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ യാതൊരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാവുന്നതാണെന്നും മോഹന്‍ലാല്‍ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പാണ് പ്രതിരോധ മന്ത്രാലയം മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ദില്ലിയിലെ സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാണ് മോഹന്‍ലാലിന് ടെറിറ്റോറിയല്‍ ആര്‍മി അംഗത്വം നല്‍കിയത്. ക്രിക്കറ്റ് താരം കപില്‍ദേവിനുശേഷം ഈ പദവി ലഭിക്കുന്ന പ്രമുഖനാണ് മോഹന്‍ലാല്‍.

നേരത്തേ സുകുമാര്‍ അഴീക്കോടക്കമുള്ള പല പ്രമുഖരും മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിക്കെതിരെ വിമര്‍ശമുയര്‍ത്തിയിരുന്നു. ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത് തിരിച്ചെടുക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയെന്ന് വാര്‍ത്തയോട് പ്രതികരിക്കവെയായിരുന്നു അഴീക്കോട് ആഴശ്യമുന്നയിച്ചത്. മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയെക്കുറിച്ച് മറ്റ് ചില സൈനിക മേധാവികളും രംഗത്തുവന്നതായാണ് സൂചന.

അന്വേഷണത്തില്‍ മോഹന്‍ലാല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പദവി തിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചിട്ടുണ്ട്.