എഡിറ്റര്‍
എഡിറ്റര്‍
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ അന്വേഷണം ആരംഭിച്ചു
എഡിറ്റര്‍
Monday 11th June 2012 9:16am

കൊച്ചി: മതിയായ രേഖകള്‍ ഇല്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരാകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അനില്‍കുമാര്‍ നല്‍കിയ പരാതിപ്രകാരമാണ് അന്വേഷണം. ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു അലക്‌സാണ്ടറിനാണ് അന്വേഷണ ചുമതല

കഴിഞ്ഞദിവസം പരാതിക്കാരനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അന്വേഷണം പൂര്‍ത്തിയാവണമെങ്കില്‍ മോഹന്‍ലാലിന്റെ മൊഴികൂടി അന്വേഷണസംഘം എടുക്കണം. ബിജു അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തന്നെ മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നാണറിയുന്നത്.

2011 ജൂലൈ 22ന് ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തത്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നും ഇല്ലെങ്കില്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ താരത്തിന് അനുമതിയില്ലെന്ന് വ്യക്തമായി.

2012 ഫെബ്രുവരി 29ന് വന്യജീവിവിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കപ്പെട്ട അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ കണ്ടെടുത്തത് ആനക്കൊമ്പു തന്നെ എന്ന് വ്യക്തമാക്കിയിരുന്നു.

കണ്ടെടുത്ത ആനക്കൊമ്പ് ലാലിന്റെ വീട്ടില്‍തന്നെ സൂക്ഷിക്കാനനുവദിച്ചത് ഏറെ വിവാദമായിരുന്നു. ലാലിനെതിരെ നടപടിയെടുക്കാത്തതിന് പിന്നില്‍ നടനും വനംമന്ത്രിയുമായ ഗണേഷ് കുമാറിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

Advertisement