ചെന്നൈ: പത്താം ക്ലാസ് പരീക്ഷയില്‍ പുതുച്ചേരി വിദ്യാഭ്യാസമന്ത്രി പി.എം.എല്‍. കല്യാണസുന്ദരം ആള്‍മാറാട്ടം നടത്തിയതായി ആരോപണം. മന്ത്രിക്കു പകരം മറ്റാരോ രീക്ഷയെഴുതിയെന്ന ആരോപണമാണുള്ളത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ കയ്യക്ഷര വിദഗ്ധരുടെ സഹായവും തേടും.

വ്യാഴാഴ്ച വില്ലുപുരം ജില്ലയിലെ തിണ്ടിവനത്തെ സ്വകാര്യ സ്‌കൂളിലാണ് മന്ത്രി പത്താം ക്ലാസിലെ സയന്‍സ് പരീക്ഷ എഴുതിയത്. എന്നാല്‍ പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രിക്കുവേണ്ടി പരീക്ഷയെഴുതിയത് മറ്റാരോ ആണെന്ന ആരോപണമുയര്‍ന്നു. പരീക്ഷയില്‍ മന്ത്രി ആള്‍മാറാട്ടം നടത്തിയെന്ന് തന്നെ ഒരാള്‍ ഫോണ്‍ ചെയ്ത് അറിയിച്ചെന്നു തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി സി.വി. ഷണ്‍മുഖം വെളിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ചത്തെ സോഷ്യല്‍സയന്‍സ് പരീക്ഷയില്‍ മന്ത്രിയെ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കി. എന്നാല്‍ മന്ത്രി പരീക്ഷയ്‌ക്കെത്തിയിരുന്നില്ല.

Subscribe Us:

എന്നാല്‍, ആരോപണങ്ങള്‍ തെറ്റാണന്നും താന്‍ തന്നെയാണു പരീക്ഷയെഴുതിയതെന്നും കല്യാണസുന്ദരം പറയുന്നു. ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണ്. ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് വെള്ളിയാഴ്ചത്തെ പരീക്ഷയ്ക്ക് ഹാജരാവാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ രംഗത്തെത്തി. ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.