ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് തെലുങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) നേതാവ് ചന്ദ്രശേഖര റാവു രാജ്ഘട്ടില്‍ നിരാഹാരം ആരംഭിച്ചു. ആന്ധ്രയിലെ തെലുങ്കാന പ്രക്ഷോഭം ഇരുപതാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചന്ദ്രശേഖരറാവു കുത്തിയിരിപ്പ് സമരം നടത്തുന്നത്.

സമരത്തിനുശേഷം അദ്ദേഹം പ്രധാനമന്ത്രിയുമായും, ബി.ജെ.പി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

Subscribe Us:

തെലുങ്കാന വിഷയത്തില്‍ ദേശീയതലത്തില്‍ അഭിപ്രായ സമന്വയമുണ്ടാവേണ്ടതുണ്ടെന്ന് ആന്ധ്രയുടെ ചുമതലയുള്ള മന്ത്രി ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ തെലുങ്കാന പ്രശ്‌നം സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കിയ തെലുങ്കാന പ്രശ്‌നം കഴിഞ്ഞദിവസത്തെ കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പിലും ചര്‍ച്ച ചെയ്തിരുന്നു. ആന്ധ്രയിലെ വിവിധ നിയമജ്ഞരുമായും രാഷ്ട്രീയ പ്രമുഖരുമായും ചര്‍ച്ച നടത്തിയശേഷം ഗുലാം നബി ആസാദ് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു.