വാഷിംങ്ടണ്‍: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ.ബിനായക് സെന്നിനെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് യു.എസിലേയും കാനഡയിലേയും ബ്രിട്ടനിലേയും നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.

ബ്രിട്ടന്‍, കാനഡ, യു.എസ് എന്നിവിടങ്ങളിലെ 55 പൗര സംഘങ്ങള്‍ ചേര്‍ന്നുള്ള ദ ഫ്രീ ബിനായക് സെന്‍ എന്ന കൂട്ടായ്മയാണ് ബിനായക് സെന്നിനെ അനുകൂലിച്ച് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, വാഷിംങ്ടണ്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കൗണ്‍സിലിന് മുന്നിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. കൂടാതെ കാനഡയിലെ വാന്‍കൗവെറില്‍ ഇന്ത്യന്‍ മാന്‍ഷനിലെ പബ്ലിക് ലൈബ്രറിയിലേക്ക് 80ഓളം ആളുകള്‍ മാര്‍ച്ച് നടത്തി.

കൂടാതെ ആംഹേസ്റ്റ്, ഡല്ലാസ്, ഹോസ്റ്റണ്‍, ലോസാഞ്ചല്‍സ് എന്നിവിടങ്ങളില്‍ ബിനായക് സെന്നിനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ബോധവത്കരണവും നടത്തുകയും ചെയ്തിട്ടുണ്ട്.

ബിനായക് സെന്നിനെതിരെ ഛത്തീസ്ഗഢ് കോടതി നടത്തിയ നീതിനിഷേധത്തിനെതിരെ ശബ്ദിച്ചുകൊണ്ട് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ബോസ്റ്റണിലേയും, ഹാര്‍വാര്‍ഡ് സ്‌ക്വയറിലും നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തു.