തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് നടി പ്രിയങ്ക ചോപ്ര. ഒക്ടോബര്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന കരള്‍ മാറ്റിവെക്കല്‍ പദ്ധതിയുടെ 20ാം വാര്‍ഷികത്തില്‍ പ്രസംഗിക്കാനും പ്രിയങ്കയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

പ്രിയങ്ക ചോപ്രയുടെ അച്ഛന് കരള്‍ രോഗമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്റര്‍ മെഡിക്കല്‍ സെന്ററിലാണ് അദ്ദേഹം ചികിത്സ തേടിയത്. അവിടെ വെച്ചാണ് പ്രിയങ്ക അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെയാണ് പരിപാടിയില്‍ പ്രസംഗിക്കാന്‍ യൂണിവേഴ്‌സിറ്റി പ്രിയങ്കയെ ക്ഷണിച്ചതും.

Ads By Google

യൂണിവേഴ്‌സിറ്റിയിലെ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രഫസര്‍ ക്രിസ്റ്റഫര്‍ ബാരിക്കൊപ്പമാണ് പ്രിയങ്ക വേദി പങ്കിടുക. കൂടാതെ 1963ല്‍ കൊളറാഡോയില്‍ ആദ്യ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ തോമസ് സ്റ്റാര്‍സലും ചടങ്ങില്‍ പങ്കെടുക്കും.

അവയവ ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. കൂടാതെ രോഗികളെ പരിരക്ഷിക്കുന്നതും, റിസര്‍ച്ചിനും വിദ്യാഭ്യാസത്തിനുമായി ഫണ്ട് കണ്ടെത്തുന്നതിനെക്കുറിച്ചും പ്രിയങ്ക സംസാരിക്കും.

യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ് പ്രിയങ്ക.