ബര്‍ലിന്‍: ജര്‍മ്മനി സന്ദര്‍ശിക്കാനെത്തിയ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. രണ്ട് ദിവസത്തിനിടെ താരമിത് രണ്ടാമത്തെ വിവാദത്തിലാണ് ചെന്നു ചാടിയിരിക്കുന്നത്.

ആദ്യത്തെ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും റോളുണ്ടായിരുന്നു. മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം പ്രിയങ്ക സോഷ്യല്‍ മീഡീയയില്‍ പങ്കു വെച്ചതിനു പിന്നാലെയായിരുന്നു വിവാദം തലപൊക്കുന്നത്. താരത്തിന്റെ കാല് ചിത്രത്തില്‍ കണ്ടത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

പ്രിയങ്കയോട് പ്രധാനമന്ത്രിയുടെ മുന്നിലെങ്കിലും കാല് മറച്ചിരുന്നുകൂടെ എന്ന് ചിലര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ അമ്മയ്‌ക്കൊപ്പം കാലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം പങ്ക് വച്ച് പ്രിയങ്ക വിമര്‍ശനങ്ങളുടെ വായടപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരം വീണ്ടും വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ്.

ഇത്തവണയും കാരണം സെല്‍ഫി തന്നെയാണ്. ബെര്‍ലിനിലെ പ്രശസ്തമായ ഹോളോക്കോസ്റ്റ് മെമ്മോറിയലിനു മുന്നില്‍ നിന്നും താരമെടുത്ത സെല്‍ഫിയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഹിറ്റ്‌ലറുടെ ഭരണകാലത്ത് കൊല ചെയ്ത ആറ് മില്ല്യണ്‍ ജൂതരെ അടക്കിയ സ്ഥലമാണിത്.

തന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രമായിരുന്നു പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഹോളോകോസ്റ്റ് മെമ്മോറിയത്തില്‍ നിന്നും സിദ്ധാര്‍ത്ഥിനൊപ്പം. ഒരു പ്രത്യേക ശാന്തയുണ്ടിവിടെ എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്‍കിയ തലക്കെട്ട്. ഇതാണ് വിവാദത്തിന് കാരണമായത്.

പ്രിയങ്കയുടേത് ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും സ്മാരകത്തോടുള്ള അനാദരവാണെന്നുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്താണ് പ്രിയങ്ക തടിയൂരിയത്.