ദേശീയ അവാര്‍ഡ് ജേതാവായ നടി പ്രിയാമണിയുടെ വിവാഹം അടുത്തുതന്നെ ഉണ്ടാവുമെന്നാണ് വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രിയ ചിരിക്കുകയാണ് ചെയ്യുന്നത്. തന്റെ ശ്രദ്ധ ഇപ്പോഴും സിനിമയില്‍ തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്.

വിവാഹത്തെക്കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് നടി പറയുന്നത്. സിനിമയില്‍ നിന്നും തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തല്‍ക്കാലം വിവാഹം ഇപ്പോള്‍ വേണ്ടെന്നുമാണ് നടിയുടെ തീരുമാനം.

ഒരുപിടി നല്ല സിനിമകള്‍ ചെയ്യാനാണ് തന്റെ ആഗ്രഹമെന്നും സിനിമ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് താന്‍ തയ്യാറാണെന്നുമാണ് പ്രിയ പറയുന്നത്. തനിക്ക് ലഭിക്കുന്ന വേഷങ്ങളെ ഗ്ലാമര്‍, നാടന്‍ എന്നിങ്ങനെ വേര്‍തിരിച്ചുകാണാന്‍ പ്രിയാമണി ഒരിക്കലും ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നാടന്‍ പെണ്‍കുട്ടിയായി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പ്രിയാമണിക്ക് ആ ഇമേജ് മാറ്റാന്‍ അധികം സമയവും വേണ്ടിവന്നിരുന്നില്ല.

സുധീപിനൊപ്പം വിഷ്ണുവര്‍ധന, ശിവരാജ്കുമാറിനൊപ്പം ലക്ഷ്മി തുടങ്ങിയ ചിത്രങ്ങളില്‍ പ്രിയാമണിയുണ്ടാവും. ഇതിനു പുറമേ ആദിനാരായണ നായകനാകുന്ന ചിത്രത്തിനും പ്രിയ ഡേറ്റ് നല്‍കിയിട്ടുണ്ട്.

മലയാളത്തിലെ ചില സംവിധായകരും പ്രിയയെ സമീപിച്ചിട്ടുണ്ടെന്നാണറിയുന്നത്. എന്നാല്‍ ഒരു ചിത്രത്തിനും പ്രിയ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.