മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാനയില്‍ നായികയെ നിശ്ചയിച്ചത് ചുറ്റിപ്പറ്റിയിലുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. താപ്പാനയില്‍ നിന്നും പ്രിയാമണിയെ ഒഴിവാക്കിയത് മമ്മൂട്ടിക്ക് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണെന്ന വാര്‍ത്ത സിനിമാലോകത്ത് അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെ ചിത്രത്തിലേക്ക് പരിഗണിച്ചിട്ടുപോലുമില്ലെന്നാണ് പ്രിയാമണി പറയുന്നത്.

താപ്പാനയില്‍ ചാര്‍മിയ്ക്കു പ്രിയാമണി,  രമ്യ, സമീര റെഡ്ഡി എന്നിവരെയും പരിഗണിച്ചിരുന്നു. ഇതില്‍ പ്രിയാമണിയെ നായികയായി ഏതാണ്ട് തീരുമാനിയ്ക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് സെയിന്റിന് ശേഷം വീണ്ടും പ്രിയാമണിയെ തന്റെ നായികയാക്കുന്നതിന് മമ്മൂട്ടിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും അതിനാല്‍ അദ്ദേഹം പ്രിയയെ ഒഴിവാക്കിയെന്നുമാണ് അണിയറ സംസാരം.

എന്നാലിങ്ങനെയൊരു സംഭവത്തെപ്പറ്റി അറിഞ്ഞിട്ടേയില്ലെന്നാണ് പ്രിയാമണിയുടെ വിശദീകരണം. അങ്ങനെയൊന്ന് സംഭവിച്ചതായി എനിയ്ക്കറിയില്ല. ആ സിനിമയിലേക്ക് എനിയ്ക്ക് ഓഫര്‍ ലഭിച്ചിട്ടുമില്ല. പിന്നെ മമ്മൂട്ടിയുമായി പ്രശ്‌നങ്ങളൊന്നുമില്ല. പഴയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട് പ്രിയാമണി പറയുന്നു.

അതിനിടെ, മമ്മൂട്ടിയ്‌ക്കെതിരെയുള്ള ആരോപണം ഞെട്ടിക്കുന്നതാണെന്ന് താപ്പാനയുടെ സംവിധായകന്‍ ജോണി ആന്റണി പറയുന്നു. അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വിവാദങ്ങളില്‍ വലിച്ചിഴയ്ക്കുകയാണ്. ഒരു പ്രത്യേക നടിയോടൊപ്പം മാത്രമേ അഭിനയിക്കൂവെന്ന് മമ്മൂട്ടി ഒരിക്കലും അഭിപ്രായപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രിയാമണിയുടെ പേര് ഇങ്ങനെയൊരു പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററില്‍ ലാലിന്റെ നായികയായി തന്നെയാണ് പ്രിയ അഭിനയിക്കുന്നത്.