എഡിറ്റര്‍
എഡിറ്റര്‍
തല്ലിപ്പൊളി സംവിധായകനെന്ന നിലയില്‍ അറിയപ്പെടാനാഗ്രഹം: പ്രിയദര്‍ശന്‍
എഡിറ്റര്‍
Wednesday 23rd May 2012 12:37pm

തല്ലിപ്പൊളി സംവിധായകന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. മികച്ച കോപ്പിയടിക്കാരനാണെന്നും തല്ലിപ്പൊളി സംവിധായകനാണെന്നുമാണ് തന്നെക്കുറിച്ചുള്ള അഭിപ്രായമെന്നും പ്രിയന്‍ തുറന്നടിച്ചു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ ഇക്കാര്യം പറഞ്ഞത്.

മികച്ച രീതിയില്‍ മോഷ്ടിക്കാന്‍ കഴിയുന്നതാണ് തന്റെ വിജയമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ‘ഞാന്‍ എനിക്കുവേണ്ടി ഇന്നേവരെ ഒന്നും മോഷ്ടിച്ചിട്ടില്ല.എന്റെ മുഴുവന്‍ സിനിമകളും മോഷണമാണെന്നു കുറ്റപ്പെടുത്തി സംസാരിക്കുന്നവരുണ്ട്. ഞാന്‍ ഒരു സിനിമയിലെ കഥ അതേപടി മോഷ്ടിക്കാറില്ല. മോഷണം ഒരു കലയാക്കി മാറ്റാനാണ് ശ്രമിച്ചിട്ടുള്ളത്.’

‘365 ദിവസം ഓടിയ എന്റെ ‘ചിത്രം’ എന്ന സിനിമ മോഷണമാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ അതില്‍ മോഷണത്തിന്റെ അംശം ഉണ്ടായിരുന്നു. മിക്ക സിനിമ സംവിധായകരും എഴുത്തുകാരും മോഷ്ടാക്കളാണ്. പലര്‍ക്കും മോഷണം കലയാക്കിമാറ്റാന്‍ കഴിയുന്നില്ല. അതുകൊണ്ട് അതു കണ്ടുപിടിക്കപ്പെടുന്നു. അതുകണ്ടുപിടിക്കാന്‍ ഇടം കൊടുക്കാതിരിക്കുന്നതാണ് ഒരു സംവിധായകന്റെ കല.’ – പ്രിയദര്‍ശന്‍ പറയുന്നു.

365 ദിവസം ഒടിയ ചിത്രം പോലൊരു സിനിമ എടുക്കാനും പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ കാഞ്ചീവരം പോലൊരു സിനിമയെടുക്കാനും തനിക്ക് മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നും പ്രിയന്‍ പറഞ്ഞു.

‘അടൂര്‍ ഗോപാലകൃഷ്ണനും ടി വി ചന്ദ്രനും അടക്കമുള്ള പ്രതിഭകളുടെ സിനിമകള്‍ മറികടന്നാണ് എന്റെ സിനിമ ഇന്ത്യയിലെ ഏറ്റവും നല്ല സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം 365 ദിവസം ഓടുന്ന സിനിമ ചെയ്യാന്‍ അവര്‍ക്കു കഴിയില്ല.’ പ്രിയന്‍ വ്യക്തമാക്കി.

കാഞ്ചീവരം പോലൊരു സിനിമ ഇനിയും തന്നില്‍ നിന്നും ഉണ്ടാവുമെന്നും പ്രിയന്‍ വെളിപ്പെടുത്തി. ഹിന്ദിയില്‍ എയ്ഡിസിനെക്കുറിച്ച് ഇതുപോലൊരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement