മോഹന്‍ലാലും പ്രയദര്‍ശനും ഒരുമിച്ചാല്‍ അത് വന്‍ ഹിറ്റ്. അങ്ങനെയൊരു കാലമുണ്ടായിരുന്നു. മലയാളികള്‍ എന്നെന്നും ഓര്‍ക്കുന്ന എത്രയെത്ര ചിത്രങ്ങളാണ് ഇക്കൂട്ടത്തില്‍. മോഹന്‍ലാലിനെ മലയാളികളുടെ ലാലേട്ടനാക്കി മാറ്റിയ 39ഓളം ചിത്രങ്ങള്‍. ‘ചിത്രം’, ‘താളവട്ടം’, ‘കിലുക്കം’, ‘തേന്‍മാവിന്‍ കൊമ്പത്ത്’, ‘മിഥുനം’, ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’, ‘നിന്നിഷ്ടം എന്നിഷ്ടം’, ‘അഭിമന്യു’, ‘അദൈ്വതം’ തുടങ്ങി കണ്ടാലും കണ്ടാലും മതിവരാത്ത മലയാള ചിത്രങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്.

എട്ടവര്‍ഷത്തിനു ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. എന്നാല്‍ ഇതൊരു ഹിന്ദി ചിത്രമാണെന്ന വ്യത്യാസമുണ്ട്.’ തേസ്‌ ‘ എന്ന ഹിന്ദി ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്. ഈ ചിത്രത്തില്‍ മലയാളി അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ പ്രയിന്റേത് തന്നെയാണ്.

വീനസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ദേവഗണ്‍, അനില്‍ കുമാര്‍, തുഷാര്‍ കപൂര്‍, കംഗണ റാണാട്ട്, സമീറ റെഡ്ഡി, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.