മുംബൈ: ദേശീയ സിനിമാ പുരസ്‌കാരത്തില്‍ മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കി. പ്രാദേശിക ജൂറിയിലെ നാലുപേരും തള്ളിയ പുലിമുരുകനെ ദേശീയ ജൂറി തിരിച്ചുവിളിച്ച് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് നല്‍കുകയായിരുന്നു. മോഹന്‍ലാലിനെ അവാര്‍ഡ് നല്‍കിയതിനെകുറിച്ച് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

‘ഇത് രണ്ടാം തവണയാണ് മോഹന്‍ലാലിന് ജൂറി പുരസ്‌കാരം ലഭിക്കുന്നത്. മികച്ച നടന്മാരില്‍ അവസാന മൂന്നുപേരില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു. രണ്ട് ഭാഷകളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കിയത്. തെലുങ്കിലും മലയാളത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ഒരേ ഒരു നടന്‍ മോഹന്‍ലാല്‍ ആയിരുന്നു.’

ഈ വിഭാഗത്തില്‍ ഒറ്റ ജൂറി പുരസ്‌കാരം മാത്രമാണുള്ളത്. അവസാന റൗണ്ടില്‍ വരുന്ന ആളുകളില്‍ തുല്യമായ പ്രകടനം വരുമ്പോള്‍ വോട്ടിന്റെ അടിസ്ഥാനത്തിലാകും ചിലപ്പോള്‍ കൊടുക്കുകയെന്നും ഇവിടെ തെലുങ്കിലും മലയാളത്തിലുമുള്ള മോഹന്‍ലാലിന്റെ പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

പുലിമുരുകന്‍, ജനതാ ഗ്യാരേജ്, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചത്. ഇതില്‍ ജനതാ ഗ്യാരേജും, പുലിമുരുകനും പ്രാദേശിക ജൂറി ഡല്‍ഹിയിലേക്ക് അയച്ചിരുന്നില്ല. ദേശീയ ജൂറി അംഗങ്ങള്‍ ഈ രണ്ടുസിനിമകളും വിളിച്ചുവരുത്തുകയാണ് ചെയ്തത്.


Also Read: ജിഷ്ണുവിന്റെ മരണം; കേരളം സാക്ഷ്യം വഹിക്കുന്നത് ചരിത്ര സമരത്തിന്; സമര രംഗത്ത് മൂന്ന് തലമുറയും മൂന്ന് ജനവിഭാഗങ്ങളും


അതേസമയം, സഹനടന്റെ പട്ടികയില്‍ വിനായകന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ മനോജ് ജോഷിയുടെ പ്രകടനത്തിനാണ് കൂടുതല്‍ വോട്ട് കിട്ടിയത്. അവസാന റൗണ്ടില്‍ തൊട്ടടുത്ത് വരെ വിനായകന്‍ എത്തിയിരുന്നു. സിനിമയിലെ ആക്ഷന്‍ കൊറിയോഗ്രഫിക്ക് ഇതാദ്യമായാണ് പുരസ്‌കാരം നല്‍കുന്നത്. അതില്‍ മികച്ചതെന്ന് തോന്നിയത് പുലിമുരുകനാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.