ന്യൂ ഡല്‍ഹി: നടന്‍ ഓം പുരിക്കും മനുഷ്യാവകാശ പ്രവര്‍ത്തക കിരണ്‍ ബേദിക്കുമെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ഹസാരെയുടെ സമര വേദിയില്‍ വെച്ച് രാഷ്ട്രീയക്കാരെയും പാര്‍ലമെന്റില്‍ ചര്‍ച്ചക്കുള്ള വിഷയത്തെ സംബന്ധിച്ചും ഇകഴ്ത്തി സംസാരിച്ചതിനാണ് നോട്ടീസ്. സ്പീക്കര്‍ മീരാ കുമാര്‍ ഇരുവര്‍ക്കുമെതിരെ നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ചു.

ഇരു സഭയിലെയും രണ്ട് അംഗങ്ങള്‍ വീതമാണ് ഓം പുരിക്കെതിരെയും കിരണ്‍ ബേദിക്കെതിരെയും പരാതി കൊടുത്തത്. നമ്മുടെ എം. പി. മാരെല്ലാം വിഢികളും കാര്യപ്രാപ്തി ഇല്ലാത്തവരുമാണ്. ഇതൊക്കെ നമ്മള്‍ നിത്യേനെ ടി. വിയിലൂടെ കാണുന്നതല്ലേ. ഇത്തരത്തിലുള്ള മണ്ടന്‍മാരെ തിരഞെടുത്തയച്ചതിന്റെ ഉത്തരവാദിത്വം നമുക്കാണ് എന്നതായിരുന്നു ഓം പുരിയുടെ പ്രസംഗം. തുടര്‍നടപടികള്‍ക്കായി പരാതി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു. സീറോ ഹവറില്‍ കൈക്കൂലിക്കാരന്‍ എന്ന് പറഞ്ഞ് രാജ്യസഭയില്‍ ഒരംഗം പ്രശാന്ത് ഭൂഷണതിരെയും ആഞ്ഞടിച്ചു.

അതേസമയം, പ്രസ്താവനയില്‍ താന്‍ ഖേദിക്കുന്നുവെന്നും എം. പി.മാര്‍ക്ക് മുന്‍പില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും ഓം പുരി വ്യക്തമാക്കി. മദ്യപിച്ചാണ് താന്‍ പ്രസംഗം നടത്തിയതെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.