കണ്ണൂര്‍: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads By Google

നിരക്ക് വര്‍ധന നടപ്പാക്കാനും സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനും സമ്മതമാണെന്ന് അറിയിച്ച് കേന്ദ്ര ഊര്‍ജ വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരു കത്തും കേന്ദ്ര സര്‍ക്കാരിന് അയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമേഖലയെ തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെസഹായം ലഭ്യമായില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിതി ഗുരുതരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സിക്ക് വരുത്തിയ ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.