എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ പങ്കാളിത്തത്തില്‍ ‘മെട്രോ’ വിജയിച്ചിട്ടില്ല; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍
എഡിറ്റര്‍
Tuesday 4th September 2012 8:56pm

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ്‌ ഇ. ശ്രീധരന്‍. സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ പദ്ധതി നടപ്പാക്കിയാല്‍ അത് വിജയിക്കണമെന്നില്ല. സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ പദ്ധതി എവിടെയും വിജയം കണ്ടിട്ടില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോ വൈകുന്നത് ഉദ്യോഗസ്ഥന്മാരുടെ അലംഭാവമാണ്. കൊച്ചി മെട്രോയുടെ മേല്‍നോട്ടം ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കാത്തതും പിടിപ്പുകേട് കൊണ്ടാണ്. കെ.എം.ആര്‍.സി പുനസംഘടിപ്പിച്ചുവെന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു. പദ്ധതി വൈകുന്നത് മൂലം ഒരു ദിവസം നഷ്ടമാകുന്നത് നാല്‍പത് കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

കൊച്ചി മെട്രോ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പദ്ധതി പൂര്‍ണ്ണമായും ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചാല്‍ മാത്രമേ താന്‍ ഉണ്ടാകുള്ളൂവെന്നും അദ്ദേഹം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. പദ്ധതി ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുന്നതാണ് സാമ്പത്തിക ലാഭം. പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ ഡി.എം.ആര്‍.സിക്ക് എല്ലാവിധ സാങ്കേതിക സൗകര്യങ്ങളും ഉണ്ടെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

കൊച്ചി മെട്രോ റെയില്‍ പദ്ധതി പൊതുമേഖലയില്‍ വേണമെന്ന് വാശിപിടിക്കില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുമ്പ് വ്യക്തമാക്കിയതാണ്. കഴിഞ്ഞ സര്‍ക്കാറെടുത്ത തീരുമാനങ്ങള്‍ ആവശ്യമെങ്കില്‍ പുന:പരിശോധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Advertisement