ദുബായ്: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരത്തിന്റെ മറവില്‍ സ്വകാര്യ വിമാനകമ്പനികള്‍ കൊള്ള ലാഭമുണ്ടാക്കുന്നു. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം തുടങ്ങിയിട്ട് ഒമ്പത് ദിവസമായി. സമരം അടുത്ത കാലത്തൊന്നും ഒത്തു തീര്‍പ്പാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നാണ് ജനങ്ങള്‍ പറയുന്നത്. കേരളത്തിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന സൗദി എയര്‍ ലൈന്‍സാണ് സമരത്തെ തുടര്‍ന്ന് ജനങ്ങള്‍ ആശ്രയിക്കുന്ന ഏക സര്‍വ്വീസ് എന്നാല്‍ ബുക്കിംഗ് കൂടയിതിനാല്‍ ഇപ്പോള്‍ സൗദി എയര്‍ലൈന്‍സിലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

നേരിട്ടല്ലാതെ ഗള്‍ഫ് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് മറ്റ് ആശ്രയം. സമരം നിലനില്‍ക്കുന്നതിനാല്‍ ഈ സ്വകാര്യ കമ്പനികള്‍ വന്‍തുകയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. സാധാരണ ഒരു ടിക്കറ്റിന് വാങ്ങിയരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ ഒരു ടിക്കറ്റിന് ഈടാക്കുന്നതും. വിസ കാലാവധി കഴിയുന്നതിന് മുമ്പ് എത്തുന്നതിനായി പലരും വന്‍ തുക മുടക്കിയാണ് ഗള്‍ഫിലേക്ക് യാത്ര തിരിക്കുന്നത്. അതേസമയം അടുത്ത ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് എയര്‍ ഇന്ത്യ നിര്‍ത്തി വെക്കുകയും ചെയ്തു.