കൊച്ചി: ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആ നടിയെത്തുമ്പോള്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന അപേക്ഷയുമായി നടന്‍ പൃഥ്വിരാജ്. ‘ആദം’ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്:

‘മാധ്യമ സുഹൃത്തുക്കള്‍ ഇവിടെ എത്തുമെന്ന് അറിയാം. തീര്‍ച്ചയായിട്ടും ഇത് നിങ്ങളുടെ അവകാശമാണ്. ഈ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന്റെ പ്രത്യേകതകള്‍ അറിഞ്ഞുകൊണ്ടാണ് നിങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. എനിക്കു നിങ്ങളോട് വലിയൊരു അപേക്ഷയാണ് നടത്താനുള്ളത്. ആ കുട്ടിക്ക് ഇന്ന് നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല. അതിന് നിയമപരമായും അല്ലാതെയും തടസമുണ്ട്. അതുകൊണ്ട് അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് പ്രതീക്ഷിക്കേണ്ട.’

‘എനിക്കുവേണ്ടിയും എന്റെ സഹപ്രവര്‍ത്തകയായ സുഹൃത്തിനുവേണ്ടിയും മുഴുവന്‍ സിനിമയ്ക്കുവേണ്ടിയും നന്മയ്ക്കുവേണ്ടിയും ഞാന്‍ എന്റെ ഭാഗത്തുനിന്ന് നിങ്ങളോട് റിക്വസ്റ്റ് ചെയ്യുകയാണ്. ദയവുചെയ്ത് ആ കുട്ടി ലൊക്കേഷനില്‍ എത്തുമ്പോള്‍ മീഡിയയുടെ ഒരു കടന്നാക്രമണം അവര്‍ക്കുനേരെയുണ്ടാവരുത് എന്നാണ്. അതു ചെയ്യാനുള്ള നന്മ കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ട് എന്നെനിക്കു വിശ്വാസമുണ്ട്.’

‘ആ കുട്ടിക്ക് എന്ന് നിങ്ങളോട് സംസാരിക്കണമെന്ന് തോന്നുന്നുവോ അന്ന് അവര്‍ വരും. അവര്‍ സംസാരിക്കുമോ എന്നോ പറയാനോ പറയാതിരിക്കാനോ ഞാനാളല്ല.’

‘ഞാനൊരിക്കല്‍ കൂടി നിങ്ങളോട് പറയുന്നു ആ കുട്ടി ലൊക്കേഷനിലെത്തുമ്പോള്‍ നിങ്ങള്‍ ഇതുപോലെ 40 ക്യാമറകളുമായി അവര്‍ക്കു ചുറ്റും കൂടരുത്. അതിന് ആ കുട്ടിയുടെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങളോട് ഞാനെന്നും കടപ്പെട്ടിരിക്കും’

‘നിങ്ങളെ അഭിസംബോധന ചെയ്ത് ഇത്രയും പറയുകയെന്നത് എന്റെ കടമായണെന്ന് തോന്നുന്നു. അതുകൊണ്ട് ഞാനൊന്നു കൂടി പറയുന്നു എനിക്കുവേണ്ടി നിങ്ങള്‍ അത് ചെയ്തുതരണം.’

ഞങ്ങളോട് ഇവിടെ വരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വന്നതെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ ‘സിനിമയുടെ പ്രചരാണാര്‍ത്ഥം ആരെങ്കിലും നിങ്ങളെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ഞാന്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു’ എന്നും പൃഥ്വിരാജ് പറഞ്ഞു.