എഡിറ്റര്‍
എഡിറ്റര്‍
ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ അമ്മ വിടാന്‍ യുവതാരങ്ങള്‍
എഡിറ്റര്‍
Tuesday 11th July 2017 12:12pm

 

കൊച്ചി: ദിലീപ് വിഷയത്തില്‍ അമ്മയുടെ പ്രതികരണം ഉണ്ടാകാത്തപക്ഷം അമ്മ വിടാനൊരുങ്ങി യുവതാരങ്ങള്‍. പൃഥ്വാരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് നിലപാട് വ്യക്തമാക്കിയത്.

‘അമ്മയില്‍ നിന്ന് ഞാനുള്‍പ്പെടെയുള്ളവരുടെ അഭിപ്രായം ഉള്‍പ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടാകാത്ത പക്ഷം ഞാന്‍ എന്റെ നിലപാട് അറിയിക്കും.’ പൃഥ്വിരാജ് പറഞ്ഞു.

ദിലീപിനെ ട്രഷറര്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ആസിഫ് അലി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയ്ക്ക് തുടക്കം മുതല്‍ തന്നെ ശക്തമായ പിന്തുണയുമായി രംഗത്തുവന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. ഈ സംഭവങ്ങള്‍ക്കു പിന്നാലെ സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്നും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.

കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടില്‍ അമ്മയുടെ അടിയന്തര എക്‌സിക്യുട്ടീവ് യോഗം ഇപ്പോള്‍ നടക്കുകയാണ്. മമ്മൂട്ടി, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, ആസിഫ് അലി, ദേവന്‍, രമ്യാനമ്പീശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും നടന്‍ ദിലീപിനെ പുറത്താക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ട് കമ്മിറ്റി ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കിയത്. മലയാള സിനിമയ്ക്കും സംഘടനയ്ക്കും ചീത്തപ്പേര് ഉണ്ടാക്കിയെന്ന കാരണത്തിലാണ് പുറത്താക്കല്‍.

അല്പം മുന്‍പാണ് യോഗം ചേര്‍ന്ന് തീരുമാനം നടപ്പിലാക്കിയത്. ആദ്യത്തെ അജണ്ടയായി തന്നെ ദിലീപിന്റെ വിഷയം അവതരിപ്പിക്കുകയായിരുന്നു. അതേസമയം ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ യോഗം ചേരുന്നുണ്ട്.

Advertisement