എഡിറ്റര്‍
എഡിറ്റര്‍
യാഷ് ചോപ്രയുടെ ഔറംഗസേബില്‍ പൃഥ്വിരാജ്
എഡിറ്റര്‍
Saturday 9th June 2012 3:56pm

ബോളീവുഡിലെ കന്നിപ്പടം റിലീസാവുന്നതിന് മുമ്പേ പൃഥ്വിരാജിനെ തേടി വമ്പന്‍ ഓഫറുള്‍ എത്തുന്നു. ബോളീവുഡിലെ നമ്പര്‍ വണ്‍ നിര്‍മ്മാതാവും സംവിധായകനുമായ യാഷ് ചോപ്രയാണ് തന്റെ അടുത്ത ചിത്രത്തിലേക്ക് പൃഥ്വിരാജിനെ ക്ഷണിച്ചിരിക്കുന്നത്.

അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന അയ്യാ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളീവുഡിലേക്ക് ചുവടുവെച്ചത്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

യാഷ് രാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഔറംഗസേബ് എന്ന ചിത്രത്തിലേക്കാണ് പൃഥ്വിരാജിനെ ക്ഷണിച്ചിരിക്കുന്നത്. ബോണീകപൂറിന്റെ മകനും ഇഷ്‌ക് സാദേ എന്ന ചിത്രത്തിലെ നായകനുമായ അര്‍ജ്ജുന്‍ കപൂറാണ് ചിത്രത്തിലെ മറ്റൊരു താരം. സിനിമയില്‍ നായക തുല്യമായ വേഷമാണ് പൃഥ്വിക്കെന്ന് അറിയുന്നു.

യാഷ് ചോപ്ര ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നെന്നും ഇതിനെ തന്റെ ബോളീവുഡ് ചുവടുറപ്പിക്കലായി കരുതേണ്ടതില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാളത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മറ്റു ഭാഷകളില്‍ നിന്ന് നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ചെയ്യാനുമാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഔറംഗസേബ് എന്നാണ് സിനിമയുടെ പേരെങ്കിലും ചരിത്രപശ്ചാത്തലത്തിലുള്ള സിനിമയല്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

യാഷ് ചോപ്രയ്ക്ക് പുറമേ രാംഗോപാല്‍ വര്‍മ്മയുടെ അസിസ്റ്റന്റും ഡര്‍നാ മനാ ഹേ എന്ന സിനിമയുടെ സംവിധായകനുമായ പ്രവാല്‍ രാമന്റെ ഹൊറര്‍ സിനിമയിലേക്കും രാജുവിനെ ക്ഷണിച്ചതായും അറിയുന്നു.

Advertisement