എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിരാജ് ജേണലിസം പഠിക്കുന്നു!
എഡിറ്റര്‍
Monday 9th April 2012 12:19pm

പൃഥ്വിരാജ് ജേണലിസം പഠിക്കുന്നു. ഭാര്യയെപ്പോലെ ജേണലിസ്റ്റാവല്ല, സിനിമയ്ക്കുവേണ്ടിയാണെന്നു മാത്രം. കിംഗ് ആന്റ് കമ്മീഷണര്‍ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിംഹാസനം എന്ന സിനിമയില്‍ അര്‍ജ്ജുന്‍ എന്ന ജേര്‍ണലിസം വിദ്യാര്‍ഥിയായാണ് പൃഥ്വി വേഷമിടുന്നത്.

സിംഹാസനത്തില്‍ സായികുമാറിന്റെ മകനായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.  മണിപ്പാലില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് അര്‍ജ്ജുന്‍. പരസ്പരം വളരെയധികം ആത്മബന്ധം പുലര്‍ത്തുന്ന അച്ഛനും മകനുമായാണ് ഇവരെത്തുന്നത്.

നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് മാധവമേനോന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ധാരാളം ശത്രുക്കളുമുണ്ടായിരുന്നു.  മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള മാധവമേനോന്റെ തീരുമാനം കാരണം അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുയരുന്നു. അച്ഛന്‍ അപകടത്തിലാണെന്നു കണ്ട അര്‍ജ്ജുന്‍ നാട്ടിലെത്തി. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിംഹാസനത്തില്‍ പറയുന്നത്.

ഷാജി കൈലാസ് തന്നെയാണ് സിംഹാസനത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വന്ദനയും ഐശ്വര്യ ദേവനുമാണ് സിംഹാസനത്തിലെ നായികമാര്‍. തിലകന്‍, സിദ്ദിഖ്, ദേവന്‍, ജനാര്‍ദ്ദനന്‍, മണിയന്‍പിള്ള രാജു, വിജയകുമാര്‍, പി.ശ്രീകുമാര്‍, ബിജു പപ്പന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദ്രകുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement