എഡിറ്റര്‍
എഡിറ്റര്‍
‘നോട്ട് ഇന്‍ മൈ നെയിം സമരക്കാര്‍ ഗാന്ധിപ്രതിമ അശുദ്ധമാക്കി’യെന്ന് ബി.ജെ.പി നേതാവ്: വ്യാജപ്രചരണവുമായെത്തിയത് ഗോദ്‌സെ തന്റെ റോള്‍ മോഡല്‍ എന്നു പ്രഖ്യാപിച്ച പ്രീതി ഗാന്ധി
എഡിറ്റര്‍
Friday 30th June 2017 11:13am


ന്യൂദല്‍ഹി: നോട്ട് ഇന്‍ മൈ നെയിം പ്രക്ഷോഭകര്‍ക്കെതിരെ വ്യാജപ്രചരണവുമായി ബി.ജെ.പി മഹിളാ മോര്‍ച്ചാ ദേശീയ എക്‌സിക്യുട്ടീവ് അംഗം പ്രീതി ഗാന്ധി. മോദിയെ ഉയര്‍ത്തിക്കാട്ടാന്‍ വിക്കിലീക്‌സിന്റെ പേരുപയോഗിച്ച് നടത്തിയ വ്യാജ കാമ്പെയ്‌നിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് പ്രീതി ഗാന്ധി.

‘നോട്ട് ഇന്‍ മൈ നെയിം’ പ്രക്ഷോഭത്തിനു പിന്നില്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണെന്നും ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രീതി ഗാന്ധിയുടെ പ്രചരണം. ഈ പ്രതിഷേധത്തിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ടൈംസ് നൗ ചാനലിന്റെ പ്രചരണം ഏറ്റുപിടിച്ചാണ് പ്രീതിയും ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ച് ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു സമീപം നടന്ന സമരത്തിനെതിരെയും വ്യാജപ്രചരണവുമായി പ്രീതി രംഗത്തുവന്നു. ലണ്ടനില്‍ നടന്നത് ജനക്കൂട്ട ഭീകരതയാണെന്നും അവര്‍ ഗാന്ധി പ്രതിമ അശുദ്ധമാക്കിയെന്നുമാണ് പ്രീതി ഗാന്ധി ട്വിറ്ററിലൂടെ പ്രചരണം നടത്തിയത്.

ലണ്ടനിലെ ടവിസ്റ്റോക്‌സ് ചത്വരത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു ചുറ്റും നോട്ട് ഇന്‍ മൈ നെയിം കാമ്പെയ്‌ന്റെ ഭാഗമായുള്ള പ്രതിഷേധ പ്രകടനം നടന്നിരുന്നു. ‘റിപ്പബ്ലിക് ഓഫ് ലിഞ്ചിങ്’ എന്നെഴുതിയ പ്ലക്കാര്‍ഡ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് അരികില്‍വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ അക്രമം അഴിച്ചുവിടുകയും ഗാന്ധി പ്രതിമ അശുദ്ധമാക്കുകയും ചെയ്തുവെന്നാണ് പ്രീതി ഗാന്ധി പ്രചരിപ്പിക്കുന്നത്.

 

സ്വന്തം പേരിനൊപ്പം ഗാന്ധിയെന്നുവന്നതില്‍ താന്‍ ലജ്ജിക്കുന്നു എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയ വ്യക്തിയാണ് പ്രീതി. തന്റെ റോള്‍ മോഡല്‍ നാഥുറാം ഗോദ്‌സെയാണെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

‘മോദി അഴിമതിക്കു കീഴ്‌പ്പെടാത്തയാളായതിനാല്‍ അമേരിക്ക അദ്ദേഹത്തെ ഭയക്കുന്നു’ എന്ന് ജൂലിയന്‍ അസാഞ്ച് പറഞ്ഞെന്ന തരത്തില്‍ 2014ല്‍ വ്യാപകമായ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പി ഐ.ടി സെല്‍ തന്നെയാണെന്നും പ്രീതി ഗാന്ധിയ്ക്കാണ് ഇതിന്റെ ചുമതലയെന്നും വ്യക്തമാക്കി വിക്കിലീക്‌സ് രംഗത്തുവന്നതോടെയാണ് ഈ നുണപ്രചരണം പൊളിഞ്ഞത്.

Advertisement