ഒരു നടനെന്നതിലുപരി സാമൂഹ്യവിഷയങ്ങളില്‍ കൃത്യമായി അഭിപ്രായം പറയുകയും ഒപ്പം അഭിനയിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്ത നടനാണ് പൃഥ്വിരാജ്.

നേരത്തെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയും നടിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുകയും ചെയ്തത് പൃഥ്വിരാജായിരുന്നു. സ്ത്രീവിരുദ്ധത പ്രകടമാക്കുന്ന ഒരു സിനിമയിലും താന്‍ അഭിനയിക്കില്ലെന്നും ഉറപ്പിച്ചുപറയാനും ധൈര്യം കാട്ടി.

സിനിമയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ ആരെന്ന ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടി ഏവര്‍ക്കും സന്തോഷം നല്‍കുന്നതായിരുന്നു.

സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നും കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പൃഥ്വിരാജ് പറയുന്നു.

അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണെന്നും അവര്‍ എപ്പോഴും അവരാണെന്നും പൃഥ്വി പറയുന്നു. എന്തുകൊണ്ട് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപട് ഇഷ്ടം തോന്നിയിട്ടുണ്ട്.’ പൃഥ്വി പറഞ്ഞു.

ഫെമിനിസം നല്ലതാണെങ്കിലും ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ അതു പൂര്‍ണ്ണമാകുകയുള്ളു എന്നും പൃഥ്വി അഭിപ്രായപ്പെട്ടു.

ഇന്നു ഫെമിനിസത്തിന്റെ പേരില്‍ നടന്നു വരുന്ന പല സംഭാഷണങ്ങളും യോജിക്കാന്‍ കഴിയാത്തവയാണ്. കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയ ശേഷം വളരെ ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍. ‘പൃഥ്വിരാജ് പറഞ്ഞു.

ഫെമിനിസത്തെ പറ്റിയുള്ള ഇന്നത്തെ കാഴ്ച്ചപ്പാടുകള്‍ കുറെയൊക്കെ അബദ്ധധാരണകള്‍ കടന്നു കൂടിയതാണ്. എന്നാല്‍ സമൂഹത്തില്‍ ഫെമിനിസത്തിനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതും കാണാതെ പോകരുതെന്ന് പൃഥ്വിരാജ് പറയുന്നു.