ന്യൂദല്‍ഹി: കേന്ദ്രമന്ത്രി പൃഥിരാജ് ചവാനെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഇന്ന് നടന്ന സുപ്രധാന യോഗത്തിനുശേഷമാണ് ചവാനെ മുഖ്യമന്ത്രിയായി സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്രമന്ത്രി എ കെ ആന്‍ണി, പ്രണാബ് കുമാര്‍ മുഖര്‍ജി എന്നിവര്‍ കഴിഞ്ഞരണ്ടുദിവസങ്ങളായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കേന്ദ്രമന്ത്രിമാരായ മുകുള്‍വാസ്‌നിക്, മഹാരാഷ്ട്ര കൃഷിമന്ത്രി ബാലാസാഹബ് തോറത്ത്, മുന്‍മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ്,ഗുരുദാസ് കമ്മത്ത്, രാധാകൃഷ്ണ പാട്ടീല്‍ എന്നിവരുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കളങ്കമില്ലാത്ത വ്യക്തിത്വത്തിനുടമയായ പൃഥിരാജ് ചവാനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.

ആദര്‍ശ് ഹൗസിംഗ് കോളനി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദനായകനായ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ രാജി നേരത്തേ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നു.

കുംഭകോണത്തില്‍ അശോക് ചവാന് പങ്കുള്ളതായി തെളിഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഒബാമയുടെ സന്ദര്‍ശനം അവസാനിച്ചതിന് തൊട്ടുപിറകേയാണ് ചവാന്റെ രാജിവെച്ചത്.

മഹാരാഷ്ട്രയിലെ കൊളാബയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍ക്ക് നിര്‍മ്മിച്ച ഫല്‍റ്റാണ് വിവാദത്തില്‍പ്പെട്ടത്. മുഖ്യമന്ത്രിയുടെ ഭാര്യാമാതാവ് അടക്കം പലര്‍ക്കും ഫല്‍റ്റ് നല്‍കിയിരുന്നു എന്നും ആരോപണമുണ്ടായിരുന്നു.