എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിരാജും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കം ഒത്തുതീര്‍ന്നു
എഡിറ്റര്‍
Tuesday 22nd January 2013 10:35am

കൊച്ചി: നടന്‍ പൃഥ്വിരാജും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ‘രഘുപതി രാഘവ രാജാറാം’ എന്ന സിനിമ പാതിവഴിയില്‍ ഉപേക്ഷിച്ചതിനാണ് പൃഥ്വിരാജിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്.

Ads By Google

എന്നാല്‍ സിനിമയുടെ നിര്‍മ്മാതാവ് തനിയ്ക്കും കൂടി സ്വീകാര്യമായ പുതിയ തിരക്കഥയുമായി എത്തിയാല്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് പൃഥ്വിരാജ് ഉറപ്പു നല്‍കി.

പൃഥ്വിരാജും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. ‘അമ്മ’യുടെയും ഫെഫ്കയുടെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

3 വര്‍ഷം മുന്‍പ് പൃഥ്വിരാജ് അഭിനയിച്ച് പാതിവഴിയില്‍ നിറുത്തിയ ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.കെ. മുരളീധരന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലും പൃഥ്വിരാജിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മുരളീധരന്റെ ചിത്രം പൂര്‍ത്തിയാക്കാതെ മറ്റൊരു ചിത്രത്തിലും അഭിനയിക്കരുതെന്നായിരുന്നു അന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഡിസംബറില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന കമല്‍ ചിത്രത്തിന് ശേഷം മുരളീധരന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് കാണിച്ച് പൃഥ്വിരാജിന് കത്തും നല്‍കിയിരുന്നു.

മുരളീധരന്‍ നിര്‍മ്മാതാവായ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. പതിനേഴ് ദിവസത്തെ ഷെഡ്യൂളിനു ശേഷം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പോരെന്ന് സംവിധായകന്‍ ഷാജി കൈലാസ് അഭിപ്രായപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷൂട്ടിങ് നിറുത്തിവച്ചു. പിന്നീട് പൃഥ്വിരാജ് മണിരത്‌നത്തിന്റെ ‘രാവണ്‍’ എന്ന ചിത്രത്തിലും ഷാജി കൈലാസിന്റെ ‘സിംഹാസന’ത്തിലും അഭിനയിച്ചു.

സംവിധായകനും നടനും പല ചിത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമായെങ്കിലും തന്റെ പടത്തിന് ഡേറ്റ് നല്‍കിയില്ല എന്നാണ് മുരളീധരന്റെ പരാതി. ഷൂട്ടിങ്ങിന് ഇതുവരെ 75 ലക്ഷത്തിലേറെ രൂപ മുടക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ മുരളീധരന്‍ പരാതി നല്‍കിയത്.

Advertisement