എഡിറ്റര്‍
എഡിറ്റര്‍
‘അയ്യാ’യ്ക്ക്‌വേണ്ടി കടുത്ത ഭക്ഷണക്രമീകരണം വേണ്ടിവന്നു: പൃഥ്വിരാജ്
എഡിറ്റര്‍
Monday 17th September 2012 11:03am

കന്നി ഹിന്ദി ചിത്രത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുകയാണ് മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ്. ഈ ചിത്രത്തില്‍ അഭിനയിക്കാനായി താന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടതെന്നാണ് പൃഥ്വി പറയുന്നത്. ചിത്രത്തില്‍ മസില് പെരുപ്പിച്ച് നടക്കുന്ന രംഗങ്ങള്‍ ആവശ്യമായതിനാല്‍ തന്നെ കഠിനമായ ഭക്ഷണ ക്രമീകരണം നടത്തിയെന്നും പൃഥ്വി പറയുന്നു. ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടിയ്ക്കിടെയാണ് താരം ഇത് പറഞ്ഞത്.

Ads By Google

‘അയ്യാ യ്ക്ക് വേണ്ടി ആദ്യം എന്റെ സാധാരണ രൂപത്തിലുള്ള രംഗങ്ങളായിരുന്നു ഷൂട്ട് ചെയ്തത്. പിന്നീടാണ് സിക്‌സ് പാക്ക് ആവശ്യമായ രംഗങ്ങള്‍ വന്നത്. അതിന് ശേഷം ഭക്ഷണം  ക്രമീകരിക്കാനും വ്യായാമം കൂട്ടാനും തുടങ്ങി. സിക്‌സ് പാക്ക് രംഗങ്ങളെല്ലാം വര്‍ക്കൗട്ട് ചെയ്ത് മസിലുണ്ടാക്കിയതിന് ശേഷമാണ് തുടങ്ങിയത്’-പൃഥ്വി പറഞ്ഞു.

കഥാപാത്രത്തിന്‌ വേണ്ടി ഹിന്ദിയില്‍ സംസാരിക്കുകയെന്നത് തനിക്കുമുന്നില്‍ ഒരു കടമ്പയായിരുന്നില്ലെന്നാണ് പൃഥ്വി പറയുന്നത്. തനിക്ക് ഹിന്ദി നന്നായി എഴുതാനും വായിക്കാനുമറിയാമെന്നും ഒരു വിധം തെറ്റില്ലാതെ സംസാരിക്കുകയും ചെയ്യും. നോര്‍ത്തിന്ത്യക്കാരുടെ ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്ന കഥാപാത്രമല്ലാത്തതിനാല്‍ സംസാരത്തിന്റെ ഒഴുക്കിന് ഇത്തിരി മാറ്റം വന്നാലും അതു സ്വാഭാവികമായേ തോന്നൂ എന്നും പൃഥ്വി പറയുന്നു.

നായികയായ റാണി മുഖര്‍ജിയുടെ സ്വപ്‌ന രംഗങ്ങളിലാണ് പൃഥ്വി സിക്‌സ് പാക്കില്‍ സ്‌ക്രീനിലെത്തുക. മറ്റു രംഗങ്ങളിലെല്ലാം സ്വന്തം ഡ്രസിങ്ങില്‍ പോലും പലപ്പോഴും കാര്യമായ ശ്രദ്ധ പുലര്‍ത്താത്ത  ഒരു യുവാവായാണ് പൃഥ്വിയുടെ കഥാപാത്രം എത്തുക.

സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ‘അയ്യാ’യില്‍ സൂര്യ എന്ന തമിഴ് നാട്ടുകാരനായ പെയിന്ററുടെ വേഷമാണ് പൃഥ്വിക്ക്. അയാളുടെ പ്രത്യേക ഗന്ധത്തില്‍ ആകൃഷ്ടയായി പ്രണയത്തിലാകുന്ന മറാത്തി പെണ്‍കുട്ടിയെയാണ് റാണി അവതരിപ്പിക്കുന്നത്.

Advertisement