തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ഗുരുവായൂരിലെത്തി തുലാഭാരം നടത്തി. ശനിയാഴ്ച രാവിലെയായിരുന്നു നടന്റെ വെണ്ണ തുലാഭാരം.

ശനിയാഴ്ച ഉഷപൂജയ്ക്കുശേഷം ഏഴ് മണിയോടെയാണ് ഈ നവ ദമ്പതികള്‍ ക്ഷേത്രത്തിലെത്തിയത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം പൃഥ്വി വെണ്ണയില്‍ തുലാഭാരവും നടത്തി. 19,005രൂപയാണ് 95കിലോ ഗ്രാം തൂക്കമുള്ള പൃഥ്വി തുലാഭാരത്തിനായി നല്‍കിയത്.

വിവാഹശേഷം ആദ്യമായാണ് പൃഥ്വി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. നടന്റെ ആദ്യ ചിത്രമായ നന്ദനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നന്ദനത്തിലൂടെ സിനിമാലോകത്ത് തുടക്കം കുറച്ച പൃഥ്വിവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോടാണ് താരമിപ്പോള്‍. കോമഡി ത്രില്ലര്‍ തേജാഭായി ആന്റ് ഫാമിലിയാണ് താരത്തിന്റെ അടുത്ത ചിത്രം.