മലയാളത്തില്‍ ഇപ്പോഴുള്ള റീമേക്ക് ട്രന്റ് കഥാദാരിദ്ര്യം കൊണ്ടല്ലെന്ന് യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. ഒരു കാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളെ കാലത്തിനനുസരിച്ച് പരിഷ്‌കരിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് റീമേക്കുകളിലൂടെ സംവിധായകര്‍ നടത്തുന്നത്.  അതിനെ തള്ളിപ്പറയേണ്ടതില്ല.

നാടുവാഴികള്‍, അവളുടെ രാവുകള്‍ തുടങ്ങിയ ചിത്രങ്ങളുടെ റീമേക്കില്‍ പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രങ്ങള്‍ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് കഥാപാത്രങ്ങള്‍ സ്വീകരിച്ചതെന്നും പൃഥ്വി പറയുന്നു.

‘മാരിയോ പുറോയുടെ ഗോഡ്ഫാദര്‍ എന്ന പുസ്തകം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ പുസ്തകം പന്ത്രണ്ടുതവണയെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ട്. പിന്നീട് അത് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള സിനിമയാക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ മലയാളം വേര്‍ഷനാണ് നാടുവാഴികള്‍. അതുകൊണ്ടാണ് ഈ ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്.’

‘അവളുടെ രാവുകളിലെ അച്ഛന്റെ അഭിനയം ഞാന്‍ എന്നും ആരാധനയൊടെ നോക്കിക്കാണുന്ന ഒന്നാണ്. ആ കഥാപാത്രം എനിക്കും ചെയ്യാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. അതെന്റെ വ്യക്തിപരമായ ആവശ്യമാണ്. അതിനെ എന്റെ സ്വാര്‍ത്ഥതയെന്ന് വിളിച്ചാലും തെറ്റില്ല. ‘ പൃഥ്വി പറഞ്ഞു.

മലയാളസിനിമയെ അടുത്തിടെ ബാധിച്ച റീമേക്ക് പ്രണയത്തെ പലരും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കഥാദാരിദ്ര്യമാണ് റീമേക്കുകളെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന ആരോപണമാണ് വ്യാപകമായി ഉയര്‍ന്നത്. ചില സിനിമാ താരങ്ങളും ഈ റീമേക്ക് ഭ്രാന്തിനെ കുറ്റപ്പെടുത്തിയിരുന്നു.