മുംബൈ: ഉലകനായകന്‍ കമലഹാസന്റെ വിവാദചിത്രം വിശ്വരൂപം സുരക്ഷിതമായി പ്രദര്‍ശിപ്പിക്കാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍.

Ads By Google

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതിനായുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തും.

അതേസമയം വിവാദങ്ങള്‍ തുടരുമ്പോഴും വിശ്വരൂപത്തിന്റെ പ്രദര്‍ശനം തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ തുടരുകയാണ്. കഴിഞ്ഞദിവസം ഉത്തരേന്ത്യയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി.

വിശ്വരൂപത്തിന് പ്രേക്ഷകരില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവാദങ്ങള്‍ പ്രേക്ഷകരുടെ ആകാംക്ഷ വളര്‍ത്തിയെന്നും ഇത് ബോക്‌സ്ഓഫീസില്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും  മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ പറഞ്ഞു.

അതേസമയം സിനിമയിലെ വിവാദരംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സുന്നി മുസ്‌ലിം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലക്‌നോയില്‍ പ്രതിഷേധപ്രകടനം നടന്നു.

തമിഴ്‌നാട്ടില്‍ വിശ്വരൂപത്തിനെതിരേയുള്ള വിലക്ക് നീക്കാനും മുസ്‌ലിം സംഘടനകളുടെ രോഷം തണുപ്പിക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറി ആര്‍. രാജഗോപാലുമായി ചര്‍ച്ച നടത്തിയിരുന്നു

സിനിമയുടെ സഹനിര്‍മാതാവും കമലഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്റെ നേതൃത്വത്തിലുള്ള സംഘവും ആഭ്യന്തര സെക്രട്ടറിയെക്കണ്ടു. ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ക്കു സന്നദ്ധത പ്രകടിപ്പിച്ചാല്‍ അതിനുള്ള വേദിയൊരുക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ റോസയ്യ പറഞ്ഞു. സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ എല്ലാ വിഭാഗത്തിന്റെയും വികാരങ്ങള്‍ മാനിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറാകണമെന്നും നിയമസഭയില്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.