എഡിറ്റര്‍
എഡിറ്റര്‍
സിനിമയിലെ ഡ്യൂപ്പ് പ്രേക്ഷകരുടെ ഹീറോ: ഹീറോ വിശേഷങ്ങളുമായി പൃഥ്വിരാജ്
എഡിറ്റര്‍
Sunday 27th May 2012 10:52pm

 

ഫേസ് ടു ഫേസ്/പൃഥ്വിരാജ്‌

മലയാളത്തിലും ബോളിവുഡിലുമായി ഹിറ്റുകള്‍ സമ്മാനിക്കുകയാണ്  പൃഥ്വിരാജ്. കഴിഞ്ഞ ദിവസം റിലീസ് ആയ ഹീറോയ്ക്ക് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ തന്റെ 70ലേറെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പൃഥ്വിവിന് കഴിഞ്ഞു. അതില്‍ തന്നെ ഏറെയും മലയാളത്തിലും. തമിഴിലും ബോളിവുഡിലും ചില ചിത്രങ്ങള്‍ പൃഥ്വിവിന്റേതായുണ്ട്. തന്റെ കരിയറിനെ കുറിച്ചും താന്‍ ഭാഗമാകേണ്ട ചിത്രങ്ങളെ കുറിച്ചുമെല്ലാം പൃഥ്വിരാജിന് വ്യക്തമായ തീരുമാനങ്ങളുണ്ട്. തന്റെ പുതിയ ചിത്രമായ ഹീറോയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് പൃഥ്വി…

ദീപന്‍ എന്ന സംവിധായകന്റെ കൂടെ ഇത് രണ്ടാമത്തെ ചിത്രം. പുതിയമുഖം എന്ന അദ്ദേഹത്തിന്റെ ചിത്രവും ഏറെ ഹിറ്റായിരുന്നല്ലോ? ഹീറോ എങ്ങനെയാണ് വ്യത്യസ്തമാവുന്നത് ?

ഹീറോ തികച്ചും ഒരും എന്‍ടെര്‍ടൈനര്‍ ആണ്. സിനിമയ്ക്കുള്ളിലെ പരിമിതികളെയും സിനിമയിലെ ഉള്ളറകളെക്കുറിച്ചുമാണ് ഹീറോ  പറയുന്നത്. സിനിമയ്ക്കുള്ളിലെ സിനിമകളെ കുറിച്ചുള്ള പല ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഹീറോ. ആക്ഷന്‍ സ്വീകന്‍സുകളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌സ്. ഇതില്‍ ഒരു സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗിനായി യൂറോപ്പിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ സ്റ്റണ്ട് സീനുകള്‍ പലതും ഗോഡൗണുകളിലും ഫാക്ടറികളിലും വെച്ചാണ് ചിത്രീകരിച്ചത്.

സിനിമയിലെ ഏറ്റവും നന്ദികെട്ട ജോലിയാണ് ഡ്യൂപ്പുകളുടേത്. ടൈറ്റിലുകളില്‍ ഒരിക്കലും അവരുടെ പേര് തെളിയാറില്ല. ഒരു ആഘോഷത്തിലും അവര്‍ ഓര്‍മിക്കപ്പെടാറുമില്ല. പക്ഷേ, സിനിമയില്‍ ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നവരാണവര്‍. അവര്‍ തീര്‍ച്ചയായും ഓര്‍മിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ഡ്യൂപ്പുകള്‍ക്കുള്ള ആദരമാണ് ഈ സിനിമ…”

കരിയര്‍ തുടങ്ങിയ സമയത്ത് അത്ര താരമൂല്യം ഉണ്ടായിരുന്നില്ലെന്ന് തോന്നിയിരുന്നോ ?

താരങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. താരങ്ങളെ മാത്രം പ്രൊജക്ട് ചെയ്യുന്ന ഇന്‍ഡസ്ട്രിയെ ഞാന്‍ അംഗീകരിക്കുന്നില്ല. എന്തിനേറെ പറയുന്നു സാറ്റലെറ്റ് റൈറ്റാണ് ഒരു സിനിമയുടെ ഏറ്റവും വലിയ ലാഭം. ആ സാറ്റലൈറ്റ് റേറ്റ് തീരുമാനിക്കുന്നത് സിനിമയുടെ കഥ എന്തെന്ന് നോക്കിയിട്ടല്ല. അഭിനയിക്കുന്ന താരങ്ങള്‍ ആരാണെന്നും അവരുടെ മാര്‍ക്കറ്റ് വാല്യൂ എന്താണെന്നും സിനിമ കാസ്റ്റ് ചെയ്യുന്നത് ആരെന്നും അതിന്റെ സംവിധാനവും നിര്‍മാണവും ആരാണെന്നും നോക്കിയാണ്. അതില്‍ തന്നെ ചിത്രത്തില്‍ ഫൈറ്റ് സീനുകള്‍ ഉണ്ടോയെന്നും എത്ര പാട്ടുകള്‍ ഉണ്ട് എന്നുമെല്ലാം നോക്കിയാണ്. യഥാര്‍ത്ഥത്തില്‍ ഇതെല്ലാം ഒരു വന്‍വ്യവസായമാണ്.

ഇപ്പോള്‍ പുതുമുഖ താരങ്ങളുടെ ഒരു ഒഴുക്കു തന്നെയാണല്ലോ? സിനിമയില്‍ പുതുമ വരുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ ?

ഒരു നല്ല സിനിമയെന്ന് പറയുന്നത് അത്ര എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒത്തിരി നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലൂടെ ഒരു വ്യത്യസ്ത പ്രമേയമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്. വ്യത്യസ്തതയാര്‍ന്ന കഥയാണ് സിനിമയുടെ പുതുമ. ആവര്‍ത്തനങ്ങളേക്കാള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പുതുമയാണ്.


പ്രേക്ഷകരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാറിയെന്ന് തോന്നുന്നുണ്ടോ ?

നല്ലതിനെയെന്നും സ്വീകരിക്കുന്നവരാണ് പ്രേക്ഷകര്‍. സിനിമയില്‍ ടേസ്റ്റ് മാറുക എന്നൊന്നും ഇല്ല. നല്ല പ്രമേയമാണെങ്കില്‍ ആളുകള്‍ തിയ്യേറ്ററില്‍ വന്ന് സിനിമ കാണും. 10 വര്‍ഷം മുന്‍പുള്ള കഥയാണ് 22 ഫീമെയില്‍ കോട്ടയം പറയുന്നത്. അത്തരത്തിലുള്ള ചിത്രങ്ങള്‍ കാണാനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂര്‍ ഈ ലോകത്തു നിന്നും മാറി മറ്റെവിടെയോ പോയ ഒരു അനുഭവം ഓരോ സിനിമ കണ്ടു കഴിയുമ്പോഴും പ്രേക്ഷകന് തോന്നണം.

ആയിയാ എന്ന ബോളിവുഡ് ചിത്രത്തിലഭിനയിക്കുമ്പോഴുണ്ടായ അനുഭവം ?

സംവിധായകന്‍ അനുരാഗ് കശ്യബ് ഏറെ അത്മവിശ്വാസം നല്‍കുന്ന ആളായിരുന്നു. അവിടെ പോയി അഭിനയിച്ചപ്പോളാണ് അവിടെയുള്ളവര്‍ നമ്മുടെ സിനിമകളെ എത്ര കാര്യമായാണ് സമീപിക്കുന്നത് എന്ന് മനസ്സിലായത്. 70 ഓളം മലയാള ചിത്രങ്ങള്‍ അഭിനയിച്ചതിനു ശേഷം ഒരു ബോളിവുഡ് ചിത്രം ചെയ്തപ്പോള്‍ ഏറെ ആത്മവിശ്വാസവും അതിലേറെ അഭിമാനവും തോന്നി.

ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചു. ഇനി നേടാനുള്ള ലക്ഷ്യം എന്തൊക്കെയാണ് ?

തുറന്നുപറയാമല്ലോ ഞാന്‍ ഒരു ലക്ഷ്യം മുന്‍നിര്‍ത്തി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. സിനിമ ഒരു യാത്രപോലെയാണ്. ആ യാത്രയില്‍ നമുക്ക് ചില മികച്ച കഥാപാത്രങ്ങളെ ലഭിക്കും. ചില നല്ല സിനിമകളുടെ ഭാഗമാകാന്‍ ഭാഗ്യമുണ്ടാകും. ഞാന്‍ അഭിനയിച്ച ചിത്രങ്ങളില്‍ നല്ല സിനിമയും മോശം സിനിമയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ എല്ലാത്തിലും ഞാന്‍ നൂറുശതമാനം ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചത്.

നിര്‍മ്മാതാവിന്റെ റോള്‍ ഗൗരവമായി എടുത്തോ ?

സിനിമ നിര്‍മ്മാണം ചെയ്യാന്‍ എനിയ്ക്ക് ഇഷ്ടമാണ്. നല്ല ഒരു പ്രമേയം ലഭിക്കുമ്പോള്‍ ആ ചിത്രം എനിയ്ക്ക് തന്നെ നിര്‍മ്മിക്കണമെന്ന് തോന്നാറുണ്ട്. എല്ലാ ആഴ്ചകളിലും സിനിമനിര്‍മ്മാണം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള ഒരു കമ്പനിയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല.

താങ്കള്‍ക്കെതിരെ ചില ഗ്രൂപ്പുകള്‍ ചില അനാവശ്യപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കാറുണ്ടോ ?

ഒരിക്കലുമില്ല. ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോലും പോവാറില്ല. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്നെ വെറുത്തുകൊണ്ടേയിരിക്കും. അതില്‍ എനിയ്‌ക്കൊന്നും പറയാനില്ല.

എന്താണ് ഭാവി പരിപാടി ?

ഇപ്പോള്‍ ഷാജി കൈലാസിന്റെ സിംഹാസനം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിനുശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ വരുന്ന ഒരു ചിത്രവും ലാല്‍ ജോസിന്റെ ചിത്രവും ഉണ്ട്. കമലിന്റെ ഒരു ചിത്രവും ബോളിവുഡില്‍ മറ്റൊരു ചിത്രവും കൂടി കമിറ്റ് ചെയ്തിട്ടുണ്ട്.

Advertisement