ഗാസ: ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് തടവുകാരെ പരസ്പരം കൈമാറി പശ്ചിമേഷ്യ പുതുചരിതം എഴുതി. ഫലസ്തീന്‍ സംഘടന ഹമാസിന്റെ തടവിലായിരുന്ന ഇസ്രയേലി സൈനികന്‍ ഗിലാദ് ശാലിത്തിന് പകരം പതിറ്റാണ്ടുകളായി തടവിലുള്ളവരടക്കം 477 പലസ്തീന്‍കാരെ ഇസ്രയേല്‍ വിട്ടയച്ചു. ഇതില്‍ 27 പേര്‍ സ്ത്രീകളാണ്.

ഇസ്രയേല്‍ വിട്ടയക്കാമെന്ന് സമ്മതിച്ചിട്ടുള്ള 1027 ഫലസ്തീന്‍കാരില്‍ ആദ്യസംഘത്തെ ഇന്നലെ പുലര്‍ച്ചെ മോചിപ്പിച്ചു. 550 ഫലസ്തീന്‍കാരെ രണ്ട് മാസത്തിനകം മോചിപ്പിക്കാനാണ് ധാരണ. മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍കാരെ ഇസ്രയേല്‍ രണ്ട് സംഘങ്ങളായി ബസുകളില്‍ ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും അയക്കുകയായിരുന്നു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈന്യവും മോചിതരെ സ്വീകരിക്കാനെത്തിയ ഫലസ്തീന്‍കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് മോചിതരായവര്‍ക്ക് സ്വന്തം നാട്ടില്‍ ലഭിച്ചത്. ഹമാസ് മോചിപ്പിച്ച ശാലിത്തിനെ സ്വീകരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തിയിരുന്നു. ഫലസ്തീന്‍ തടവുകാരെ സ്വീകരിക്കാന്‍ ബന്ധുക്കളും വിദേശ മാധ്യമ പ്രധിനിധികളും കാത്തുനിന്നിരുന്നു. മോചിതനായശേഷം ഈജിപ്ഷ്യന്‍ മാധ്യമത്തോട് സംസാരിച്ച ശാലിത്ത് ഇസ്രയേലും പലസ്തീന്‍കാരും തമ്മില്‍ ഇനിയൊരു യുദ്ധമുണ്ടാവില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 1941 ദിവസം തടവില്‍ കഴിഞ്ഞ ഇരുപത്തഞ്ചുകാരനായ ശാലിത് 26 വര്‍ഷത്തിനിടെ ഹമാസിന്റെ തടവില്‍നിന്ന് ജീവനോടെ പുറത്തെത്തുന്ന ആദ്യ ജൂതനാണ്.

മുപ്പത്തിനാല് വര്‍ഷത്തെ തടവിന് ശേഷം മോചിതനായ ഫഖ്രി ബര്‍ഗൂത്തിയാണ് മോചിതരായ പലസ്തീന്‍കാരില്‍ ഏറ്റവുമധികം കാലം ജയിലില്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന്റെ മകന്‍ ഇസ്രയേലില്‍ ജയിലില്‍ 27 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ്.