ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലേക്ക് (ഇക്കോസോക്) ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയ്ക്കു പുറമെ ബലാറസ്, ലെസോതോ, ബ്രസീല്‍, ക്യൂബ, എല്‍ സാല്‍വഡോര്‍, എത്തിയോപിയ, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനീഷ്യ, അയര്‍ലന്‍ഡ്, ജപ്പാന്‍, ലിബിയ, നൈജീരിയ, സ്‌പെയില്‍, തുര്‍ക്കി, ദ് ഡൊമിനിക്കന്‍ റിപ്പബ്ലിക്,ബുര്‍കിന ഫാസോ, സ്വിറ്റ്‌സര്‍ലാന്റ്, ബെല്‍ഗേറിയ എന്നീ രാജ്യങ്ങളാണ് ഇക്കോസോക്കിലെ പുതിയ അംഗങ്ങള്‍.

Subscribe Us:

2012 ജനുവരി ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണു കാലാവധി. യുഎന്‍ സംഘടനകളുടെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംഘടനയാണ് ഇക്കോസോക്.

അതിനിടെ, സോവിയറ്റ് യൂണിയന്‍ രാജ്യമായിരുന്ന അസര്‍ബെയ്ജാനു ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ താത്കാലിക അംഗത്വം ലഭിച്ചു. രണ്ടുവര്‍ഷത്തേക്കാണ് അംഗത്വകാലാവധി. യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 193ല്‍ 155 വോട്ടു നേടിയാണ് അസര്‍ബെയ്ജാന്‍ രക്ഷാസമിതിയില്‍ അംഗത്വം നേടിയത്.

സ്ലോവേനിയയെ പിന്തള്ളിയാണ് അസര്‍ബെയ്ജാന്‍ വോട്ടെടുപ്പില്‍ വിജയിച്ചത്. വോട്ടെടുപ്പ് സംവിധാനത്തില്‍ പരാതിയുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയുടെ അന്തിമഫലത്തെ അംഗീകരിക്കുന്നതായി സ്ലോവേനിയന്‍ സ്ഥാനപതി പറഞ്ഞു. അസര്‍ബെയ്ജാന്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ രക്ഷാസമിതിയില്‍ അംഗമാവും.