ന്യൂദല്‍ഹി: ഗുരുതരമായ പീഡനത്തിന് ഇരയായി ദല്‍ഹി എ.ഐ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട  ഫലക്ക് കേസിലെ മുഖ്യ പ്രതിയായ രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ടാക്‌സി ഡ്രൈവറായ ഇയാള്‍ ദല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പോലീസിന്റെ പിടിയിലായത്.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി രാജ്കുമാറിന്റെ കയ്യില്‍ നിന്നാണ് കുട്ടിയെ ലഭിച്ചതെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു.രാജ്കുമാര്‍ അറസ്റ്റിലായതോടെ കേസില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്നാണ് അറിയുന്നത്. കഴിഞ്ഞമാസം 18 നാണ് ശരീരമാസകലം മാരകമായ മുറിവുകളുമായാണ് ഫലക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഫലക്ക് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയത്തിലും രക്തത്തിലും ഉള്ള അണുബാധ കുറഞ്ഞതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഫലക്കിന്റെ അമ്മയെന്ന് അവകാശപ്പെടുന്ന  മുന്നി ജോലി തേടിയാണ് ദല്‍ഹിയിലെത്തിയത്. ദല്‍ഹി ഉത്താം നഗറിലുള്ള ലക്ഷ്മിയുടെ വീട്ടില്‍ മുന്നിയ്ക്ക് ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ഫലക്കിനെ അവിടെ ഉപേക്ഷിച്ച് മുന്നി കടന്നു കളയുകയായിരുന്നു. ലക്ഷ്മിയുടെ കൈയില്‍ നിന്നാണ് ഫലക്കിനെ രാജ്കുമാറിന് കിട്ടുന്നത്. രാജ്കുമാറും പതിനാലു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പിന്നീട് ഫലക്കിനെ നോക്കിയിരുന്നത്.

മുന്നി രാജസ്ഥാനിലുള്ള ഒരാളെ രണ്ടാമതും വിവാഹം കഴിച്ചതായി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മുന്നിയുടെ ആദ്യ വിവാഹത്തില്‍ ഫലക്കിനെ കൂടാതെ മൂന്ന് കുട്ടികള്‍ ഉണ്ട്‌. എന്നാല്‍ മുന്നി തന്നെയാണോ ഫലക്കിന്റെ അമ്മയെന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മുന്നി ഇപ്പോള്‍ രാജസ്ഥാനില്‍ രണ്ടാം ഭര്‍ത്താവിന്റെ കൂടെയാണ് താമസിക്കുന്നത്.

ഫലക്കിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ സംഭവത്തിന് പിന്നില്‍ മനുഷ്യക്കടത്തിനുള്ള ശ്രമമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. മനുഷ്യക്കടത്തിനെക്കുറിച്ചും രാജ്കുമാറുമായി ബന്ധപ്പെട്ട് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.

Malayalam News

Kerala News In English