ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെഫ്ക അംഗം സലീം നല്‍കിയ പരാതിയിലാണ് കേന്ദ്രത്തിന്റെ നടപടി. ദിലീപിനെതിരെ ഗൂഢാലോചന നടന്നൂവെന്ന് തുടക്കം മുതല്‍ നിലപാടെടുത്തായാളാണ് സലീം. നേരത്തെ ദിലീപിനെതിരെ ഗൂഢാലോചന നടന്നൂവെന്ന് പറഞ്ഞ് ദിലീപിന്റെ അമ്മ സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.


Also Read:  ‘പറഞ്ഞത് സി.ബി.ഐയും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച്’;ടി.പി വധക്കേസിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് വി.ടി ബല്‍റാം


ജാമ്യ ഹര്‍ജിയില്‍ എ.ഡി.ജി.പി സന്ധ്യയടക്കമുള്ളവര്‍ക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിലൊന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാതെ വന്നതോടെയാണ് ദിലീപുമായി ബന്ധപ്പെട്ടവര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നു വാദിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. ജൂലായ് 10 ന് അറസ്റ്റിലായ ദിലീപിന് 85 ദിവസങ്ങള്‍ക്കുശേഷമാണ് ജാമ്യം ലഭിച്ചിരുന്നത്. അതേസമയം കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.