എഡിറ്റര്‍
എഡിറ്റര്‍
ലോക്പാല്‍ ബില്‍: സമവായമായില്ല, സര്‍വകക്ഷിയോഗം പരാജയപ്പെട്ടു
എഡിറ്റര്‍
Friday 23rd March 2012 5:32pm

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം സമവായത്തിലെത്താനാകാതെ പിരിഞ്ഞു. യോഗം പരാജയപ്പെട്ടതോടെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാകില്ലെന്ന് ഉറപ്പായി. എന്നാല്‍, ബില്ലില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിന് രാജ്യസഭയിലെ കക്ഷികളുടെ സമിതി രൂപവത്കരിക്കാന്‍ ധാരണയായി. മൂന്നാഴ്ചക്കുള്ളില്‍ വീണ്ടും ചര്‍ച്ചചെയ്ത് പ്രതിപക്ഷ നിര്‍ദേശങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാമെന്ന ധാരണയോടെയാണ് യോഗം പിരിഞ്ഞത്.

ലോകായുക്ത നിയമനവും സര്‍ക്കാരുമായി സഹകരിക്കുന്ന എന്‍.ജി.ഒകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഏത് അഴിമതി അന്വേഷണവും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയുടെ പരിഗണനയിലുളള ബില്ലിന്‍മേല്‍ തൊണ്ണൂറ്റി ഏഴോളം ഭേദഗതികളാണ് പ്രതിപക്ഷം മുന്നോട്ട് വെയ്ക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, സി.പി.ഐ നേതാവ് എ.ബി. ബര്‍ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക്‌സഭ പാസാക്കിയ ബില്ല് രജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പിന്‍വലിക്കുകയായിരുന്നു. ബില്ല് പാസാക്കിയില്ലെങ്കില്‍ നിരാഹാരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമവായം രൂപീകരിച്ച് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Malayalam news

Kerala news in English

Advertisement