ന്യൂദല്‍ഹി: സ്‌പെക്ട്രം കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുത്തത് തന്റെ അറിവോടെയല്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. കരാര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് ടെലികോം വകുപ്പ് സ്വതന്ത്രമായാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

കരാറില്‍ അഴിമതി നടത്തിയത് തന്റെ അറിവോടെയായിരുന്നെന്ന ആരോപണങ്ങള്‍ ശരിയല്ല. സ്‌പെക്ട്രം അനുമതി നല്‍കുന്നതിനെ സംബന്ധിച്ച് 2007 നവംബറില്‍ രാജ തനിക്ക് കത്ത് അയച്ചിരുന്നു. ആ സമയത്ത് കരാറുമായി ബന്ധപ്പെട്ട് തനിക്ക് തോന്നിയ ആശങ്ക രാജയെ അറിയിച്ചതാണ്. ഇടപാടുകള്‍ സുതാര്യമായിരിക്കുമെന്ന മറുപടിയാണ് രാജ നല്‍കിയത്. 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ടകാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയ നടപടികകള്‍ രാജ തുടരുകയായിരുന്നുവെന്നാണ് തന്റെ അറിവെന്നും അദ്ദേഹം വിശദീകരിച്ചു.

ജുഡീഷ്യറി പോലും കളങ്കപ്പെട്ടിരിക്കുന്നു എന്ന സൂചനകളാണ് അടുത്തിടെ കേരളത്തിലുണ്ടായ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെപ്പോലുള്ളവരെ പ്രതികൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ഏഷ്യനെറ്റ് പ്രതിനിധിയുടെ ചോദ്യത്തിന്‌ ജുഡീഷ്യറിയിലെ അഴിമതി ഗൗരവമേറിയ പ്രശ്‌നമാണ്. ഏത് തരം അഴിമതിയായാലും നിയമപരമായി നേരിടും എന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്.

പുറത്തുവരുന്ന ഇത്തരം അഴിമതി വിവാദങ്ങള്‍ രാജ്യത്തിന്റെ പ്രതിഛായ തന്നെ തകര്‍ക്കും. ഇന്ത്യ ഒരു അഴിമതി രാജ്യമല്ല. രാജ്യത്തെ ആഭ്യന്തര സുരക്ഷ ആശങ്കാജനകമാണ്. എന്നാല്‍ ഭീകരാക്രമണങ്ങളെ നേരിടാന്‍ രാജ്യം സുസജ്ജമാണ്‌. സാമ്പത്തിക രംഗം സുരക്ഷിതമായ നിലയിലാണ്. ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പ നിരക്ക് ഉടന്‍ കുറയും. ഭക്ഷ്യവിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. വളര്‍ച്ചാ നിരക്കിനെ ഭക്ഷ്യ വിലക്കയറ്റം ബാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.