ന്യൂഡല്‍ഹി: വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ജൂണ്‍ 20ന് നടക്കുന്ന സംയുക്ത ലോക്പാല്‍ ബില്‍ ആലോചനായോഗവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും കോര്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ഇതിനോട് യോജിച്ചില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യാനും ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനമെടുക്കാനും കോര്‍ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കുകയും കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളുടെ പ്രതിനിധികളുടെ മുന്നറിയിപ്പുകളെ മറികടന്ന് ജൂണ്‍ 30ന് മുമ്പായി കരട്ബില്‍ ഉണ്ടാക്കുമെന്നാണറിയുന്നത്. അത്തരം തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് പൊതുജനങ്ങളുടെ പ്രതിനിധിയും ഗാന്ധിയനുമായ അണ്ണാ ഹസാരെ പറഞ്ഞിട്ടുണ്ട്.

ജൂണ്‍ 30ന് മുമ്പ് ബില്ലിന്റെ കരട് ഉണ്ടാക്കിയാല്‍ മാത്രമേ ലോക്‌സഭയുടെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നാണ് സര്‍ക്കാരിന്റെ വാദം.