Administrator
Administrator
നാവികരുടെ അറസ്റ്റ് മന്‍മോഹന്‍ സിംഗിന്റെ അനുമതിക്കു ശേഷം; ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും
Administrator
Saturday 18th February 2012 7:00pm

കൊച്ചി: കൊല്ലം തീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ വെടിവെച്ച സംഭവത്തില്‍ അറസ്റ്റ് പ്രധാനമന്ത്രിയുടെ അനുമതിക്ക് ശേഷമേ ഉണ്ടാകൂ. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വിദേശ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയുമായി ചര്‍ച്ച നടത്തും. രാത്രി എട്ടുമണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരിക്കും ചര്‍ച്ച.

ഇക്കാര്യത്തില്‍ രണ്ട് പ്രശ്‌നങ്ങളാണ് പ്രധാനമന്ത്രി അഭിമുഖീകരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നും സമ്മര്‍ദ്ദം ഏറുകയാണ്. നേരത്തെ കേന്ദ്രആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ് അറസ്റ്റിന് കേരളാ പോലീസിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ രാജ്യാന്തര കപ്പല്‍ചാനലില്‍ നിന്നും നടന്ന സംഭവമായതിനാല്‍ കേരളാ പോലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കപ്പല്‍ജീവനക്കാര്‍ സഹകരിക്കാതിരിക്കുകയായിരുന്നു.

ഇറ്റലിയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് യാതൊരു കോട്ടവുമുണ്ടാക്കാതെ ഈ പ്രശ്‌നം പരിഹരിക്കുകയെന്നതാണ് പ്രധാനമന്ത്രി നേരിടുന്ന മറ്റൊരു വെല്ലുവിളി. ഈ സംഭവം നടന്നതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രാലയം ഇറ്റാലിയന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യാന്തര കപ്പല്‍ചാനലില്‍ നിന്നാണ് സംഭവമുണ്ടായതെന്നും അതിനാല്‍ ഇറ്റാലിയന്‍ കപ്പലിനെ പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഇറ്റലിയുടെ നിലപാട്.

നീണ്ടകരയില്‍ വെച്ച് കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതിനെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും സഹായത്തോടെ കപ്പല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ കൊച്ചിയുടെ പുറംകടലില്‍ എത്തിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കൊച്ചി പോര്‍ട്ട് ട്രെസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ കൊണ്ടുവരികയും ചെയ്തു. പോലീസിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും നിയന്ത്രണത്തിലാണ് കപ്പല്‍ ഇപ്പോള്‍. 19 ഇന്ത്യക്കാരടക്കം 34 പേരുള്ള കപ്പലില്‍ നിന്ന് ആരെയും പുറത്തിറക്കിയിട്ടില്ല. എന്നാല്‍ കപ്പല്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. നീണ്ടകര പോലീസാണ് സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരും നാവികസേനാംഗങ്ങളുമായ ആറു പേരാണ് വെടിവെപ്പിന് ഉത്തരവാദികളെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്.

കേസിന്റെ അന്വേഷണച്ചുമതല കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേലിനാണ്. അദ്ദേഹത്തിനൊപ്പം നീണ്ടകര കോസ്റ്റല്‍ സി.ഐ ജയരാജ്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി അജിത്, ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി ജേക്കബ് കോസ്റ്റല്‍ എസ്.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

Malayalam news

Kerala news in English

Advertisement