Categories

യു.പി.എ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

manmohansing

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വാര്‍ത്താ സമ്മേളനം ഇന്ന്. രാവിലെ പതിനൊന്ന് മണിമുതല്‍ നാഷണല്‍ മീഡിയ സെന്ററില്‍ വച്ചാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്.

2004 ല്‍ അധികാരത്തിലേറിയതിന് ശേഷമുള്ള മന്‍മോഹന്‍ സിംഗിന്റെ മൂന്നാമത്തെ വാര്‍ത്താ സമ്മേളനമാണിത്. അഴിമതി ആരോപണങ്ങളും, വിലക്കയറ്റവും, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയവുമടക്കമുള്ള ചോദ്യങ്ങളാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.

പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുകയാണ് മന്‍മോഹന്‍ സിംഗിന്റെ ലക്ഷ്യം. പണപ്പെരുപ്പം നിയന്ത്രിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയാകും ഭരണനേട്ടങ്ങളായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാണിക്കുക.

രാഷട്രീയ സാമ്പത്തിക വിദേശകാര്യ വിഷയങ്ങള്‍ക്കാണ് വാര്‍ത്താ സമ്മേളനത്തില്‍ ഊന്നല്‍ നല്‍കുക.

തിരഞ്ഞെടുപ്പിന് മുമ്പ് രാജിവക്കുമെന്ന് പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി അറിയിച്ചു.

മാധ്യമങ്ങളില്‍ നിന്ന് എപ്പോളും അകലം പാലിക്കുന്ന വ്യക്തിയാണ് മന്‍മോഹന്‍ സിംഗ്. രാജ്യത്തെ പ്രധാനമന്ത്രിയായി ഒമ്പത് വര്‍ഷമിരിക്കെ ഒരു ഡസനില്‍ കുറവ് അഭിമുഖങ്ങള്‍ മാത്രമേ അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളു.

2006ലും 2010ലുമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍. പത്രാധിപന്‍മാര്‍ക്ക് മാത്രമായിരുന്നു മുന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ ക്ഷണം.

എന്നാല്‍ ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ 250 മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തമുണ്ടാകും. പ്രധാനമന്ത്രിക്കൊപ്പം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയും ഉണ്ടായിരിക്കും.

Tagged with: |