ന്യൂദല്‍ഹി:രണ്ടുദിവസത്തെ അഫ്ഗാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഫ്ഗാനിസ്ഥാനിലേക്ക് യാത്ര തിരിച്ചു.

പാക്കിസ്ഥാനില്‍ അല്‍-ഖയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാക്ക്-യു.എസ് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഫ്ഗാന്‍ സന്ദര്‍ശനം.

അഫ്ഗാന്‍പ്രസിഡന്റ് ഹമീദ് കര്‍സായിയുമായുള്ള കൂടിക്കാഴ്ചയില്‍ മേഖലയിലെ വികസനത്തെക്കുറിച്ചും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുന്നതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാട് ഇരുനേതാക്കളും പങ്കുവെയ്ക്കുമെന്ന് യാത്രയ്ക്കുമുമ്പ് മാധ്യമങ്ങള്‍ക്കുനല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം അറിയിച്ചു. അഫ്ഗാന്‍ ജനതയെ സഹായിക്കുന്നതിന് ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 10 കോടി യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായപാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, അഫ്ഗാനിസ്ഥാനിലെ പ്രത്യേകപ്രതിനിധി എസ്.കെ.ലാംബ, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.