ന്യൂദല്‍ഹി: പത്രസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ക്രിമിനലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജനതാത്പര്യാര്‍ത്ഥം  മുന്‍നിര്‍ത്തിയാവണം പത്രസ്വതന്ത്ര്യം ഉപയോഗപ്പെടുത്തേണ്ടതെന്നും മോദി പറയുന്നു. പത്രത്തിന്റെ 75ാം വാര്‍ഷികത്തിലാണ് മോദിയുടെ പരാമര്‍ശം.

വസ്തുതാപരമായി തെറ്റായ കാര്യം എഴുതി അത് എഴുതാനുള്ള സ്വാതന്ത്ര്യത്തില്‍പ്പെടുന്നതാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായാണ് മാധ്യമങ്ങളെ കണക്കാക്കുന്നത്. തീര്‍ച്ചയായും അത് ഒരു അധികാരം തന്നെയാണ്. എന്നാല്‍ ആ അധികാരത്തെ ദുരുപയോഗപ്പെടുത്തുന്നവര്‍ ക്രിമിനലുകളാണ്- മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മോദി പറയുന്നു.


Dont MISS പുരുഷന് ലൈംഗിക ആസക്തി അടക്കിവെക്കാനാവില്ല, അതുകൊണ്ട് സ്ത്രീകള്‍ ഹിജാബ് ധരിക്കണം: ഓസ്‌ട്രേലിയന്‍ ഇമാം


സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതതയിലാണെങ്കില്‍ പോലും പൊതുതാത്പര്യത്തെയാണ് അവ സേവിക്കുന്നത്. പണ്ഡിതന്‍മാര്‍ പറയുന്നതുപോലെ സമാധാനത്തിലൂടെ സാമൂഹിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ഒരു ഉപാധിയാണ് മാധ്യമങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെപ്പോലെയോ ജുഡീഷ്യറിയെപ്പോലെയെ വലിയ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ മാധ്യമങ്ങള്‍ക്കും നിറവേറ്റാനുണ്ട്.

ഇന്ന് വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി തങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നവരാണ് ഓരോ വ്യക്തികളും. അതുകൊണ്ട് തന്നെ ഓരോ മാധ്യമങ്ങളുടെ തങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.

ഓരോ മാധ്യമസ്ഥാപനങ്ങള്‍ തമ്മിലും നടക്കുന്ന ആരോഗ്യപരമായ മത്സരം നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുമെന്നും മോദി പറയുന്നു.

ഇന്നത്തെ പല മാധ്യമങ്ങളും രാഷ്ട്രീയ വിഷയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട മറ്റ് കാര്യങ്ങള്‍ അവര്‍ വിട്ടുപോകുന്നെന്നും മോദി കുറ്റപ്പെടുത്തി.

പല മാധ്യമസ്ഥാപനങ്ങളും ഇന്ന് രാഷ്ട്രീയത്തെ മാത്രം ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയെന്ന് പറയുന്നത് വെറും രാഷ്ട്രീയക്കാര്‍ മാത്രമുള്ള രാജ്യമല്ല. 125 കോടി ഇന്ത്യക്കാരുണ്ട് ഇവിടെ. അവരാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. മാധ്യമങ്ങള്‍, അവരുടെ സ്‌റ്റോറിയിലും മറ്റും കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും മോദി പറയുന്നു.