ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ പലസ്തീന്റെ അംഗത്വത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിങ്.

സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയില്‍ തുല്യ അവകാശമുള്ള അംഗരാജ്യമായി പലസ്തീനെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ  പ്രധാനമന്ത്രി പറഞ്ഞു.

ഭീകരര്‍ക്കെതിരെ  വിട്ട് വീഴ്ചയില്ലാതെ പോരാടണം. എന്നാലീ പോരാട്ടം പക്ഷപാതപരമാകരുത്. എല്ലാ വശങ്ങളില്‍ നിന്നും എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ഭീകരതയെ നേരിടണം. സെമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ കൂട്ടായ ശ്രമം വേണം. ഇതിന് ഇന്ത്യ മുന്‍കൈ എടുക്കും. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് ഏഷ്യയുടെ ആവശ്യമാണ്.

അഫ്ഗാന്‍ സമാധാനസമിതി നേതാവ് ബര്‍ഹനുദ്ദീന്‍ റബ്ബാനി കൊല ചെയ്യപ്പെട്ടത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ ശ്രമഫലമായാണ്. ഏഷ്യാ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കണമെന്നും അഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അംഗ രാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇറാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി യു.എന്നില്‍ പ്രസംഗിക്കുന്നത്.