എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രസര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് മായാവതി
എഡിറ്റര്‍
Sunday 11th November 2012 4:37pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന്  ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മായാവതി ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും മായാവതി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്‍മോഹന്‍സിങ് മായാവതിയെ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചത്.

Ads By Google

വേണ്ടിവന്നാല്‍ യു.പി.എ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന ഭീഷണിയുമായി മുന്നോട്ടുപോകുന്ന മമത ബാനര്‍ജിയാണ് നിലവില്‍ കോണ്‍ഗ്രസിന്റെ മുന്നിലുള്ള വെല്ലുവിളി. പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്ല് പാസാക്കുന്നതിനും മറ്റു നയപരിപാടികളിലും ബി.എസ്.പിയുടെ പിന്തുണ ഉറപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേരത്തെ എസ്.പി നേതാവ് മുലായം സിങ് യാദവുമായും അദ്ദേഹത്തിന്റെ മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തമാക്കി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സുഗമമാക്കാനാണ് പ്രധാനമന്ത്രി തിരക്കിട്ട് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.

Advertisement