ന്യൂദല്‍ഹി: തീവ്രവാദത്തിനും സാമുദായിക സംഘര്‍ഷത്തിനുമെതിരെ ജാഗരൂകരായിരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തെ ആഭ്യന്തര സുരക്ഷതയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീര്‍ സംഘര്‍ഷം പോലുള്ള കലാപങ്ങള്‍ വളരെ നിര്‍ഭാഗ്യകരമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കൈക്കൊണ്ട നടപടികളുടെ ഭാഗമായി കാശ്മീരിലെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. നക്‌സല്‍ ഭീഷണി നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഛത്തീസ്ഗഡ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍, ഝാര്‍ഖട്ട് എന്നീ പ്രദേശങ്ങള്‍ ഇപ്പോഴും നക്‌സല്‍ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാകാര്യത്തില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം എടുത്ത നടപടികളെ അദ്ദേഹം അഭിനന്ദിച്ചു.