ദുബായ്: ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ നാലു റാങ്കിംഗ് ടീമുകളുടെ സമ്മാനത്തുക വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. 2013 മുതല്‍ മൂന്നു വര്‍ഷം 38 ലക്ഷം ഡോളര്‍ (പത്തൊന്‍പതരക്കോടി) സമ്മാനത്തുകയായി നല്‍കാനാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിനോടുള്ള പ്രിയം വര്‍ദ്ധിപ്പിക്കാനാണിതെന്നാണ് ഐ.സി.സി പ്രസിഡന്റ് ശരത് പവാര്‍ പറഞ്ഞത്.  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2017 ല്‍ നടക്കുന്നതിനു മുന്‍പ് ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ ജനകീയമാക്കുക എന്നൊരു നിര്‍ദ്ദേശം കൂടി ഇതിനു പിന്നിലുണ്ട്.

അടുത്ത വര്‍ഷം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ടീമിന് 4,50,000 ഡോളറാണ് സമ്മാനത്തുകയായി കൊടുക്കുക. 2014 ല്‍ ഇത് 4,75,000 ഡോളറായും 2015 ല്‍ അഞ്ചു ലക്ഷം ഡോളറായും ഇത് വര്‍ദ്ധിപ്പിക്കും. രണ്ടാം സ്ഥാനത്തുള്ള ടീമിന് ഇത് യഥാക്രമം 3.5 ലക്ഷം ഡോളര്‍,3.70 ലക്ഷം ഡോളര്‍, 3.90 ലക്ഷം ഡോളര്‍ എന്നിങ്ങനെയായിരിക്കും.

മൂന്നാം സ്ഥാനക്കാര്‍ക്ക് 2.5 ലക്ഷം,2.65 ലക്ഷം,2.80 ലക്ഷം എന്ന ക്രമത്തിലും നാലാം റാങ്കിലുള്ള ടീമിന് 1.5 ലക്ഷം,1.60 ലക്ഷം,1.70 ലക്ഷം ഡോളര്‍ എന്ന ക്രമത്തിലും സമ്മാനത്തുക ലഭിക്കും.

Malayalam News

Kerala News In English