parliament ന്യൂദല്‍ഹി: വിലക്കയറ്റ വിഷയത്തില്‍ വോട്ടിങ്ങോടെ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറി. ധനമന്ത്രിയുടെ മറുപടിക്ക് ശേഷം വിലക്കയറ്റത്തില്‍ ആശങ്ക രേഖപ്പെടുത്തുന്ന പ്രമേയം പാസാക്കാനാണ് തീരുമാനം. ഇന്ന് കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബി.ജെ.പി കൊണ്ടുവരുന്ന പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണക്കാനാണ് ധാരണയായിട്ടുള്ളത്.

എന്നാല്‍ രഹസ്യധാരണക്കെതിരെ സി.പി.ഐ.എം രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്-ബി.ജെ.പി ധാരണ കള്ളക്കളിയാണെന്നും പ്രമേയത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ വിലക്കയറ്റ വിഷയത്തില്‍ വോട്ടിങ് നിഷ്‌കര്‍ഷിക്കുന്ന ചട്ടപ്രകാരം വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ബി.ജെ.പി, സമാജ്‌വാദി പാര്‍ട്ടി, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഈ ആവശ്യമുന്നയിച്ച് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. വിഷയത്തില്‍ ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പോടെ ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഈ ആവശ്യത്തില്‍ നിന്നാണ് അവസാന നിമിഷം ബി.ജെ.പി പിന്‍മാറിയത്.

വോട്ടിങുള്ള ചര്‍ച്ചവേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ബന്‍സിലുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു.