Categories

ഉപ്പിന് വേണ്ടിയും മുറവിളികള്‍; ബംഗാളില്‍ വില 150

salt-price-hike

കൊല്‍ക്കത്ത:  ഉള്ളിക്കും തക്കാളിക്കും ശേഷം കത്തിക്കയറുന്ന വിലയുമായി ജനങ്ങളെ വലക്കാന്‍ ഉപ്പും.

പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡീഷ, മേഘാലയ,  മിസോറാം എന്നിവിടങ്ങളിലാണ് ക്ഷാമമുണ്ടാവുമെന്ന വാര്‍ത്തയെ തുടര്‍ന്ന് ഉപ്പിന്റെ വില കുതിച്ച് കയറിയത്.

100 മുതല്‍ 150 രൂപ വരെയാണ് ഇവിടങ്ങളില്‍ ഉപ്പിന് കഴിഞ്ഞ ദിവസങ്ങളില്‍ കച്ചവടക്കാര്‍ ഈടാക്കിയത്.

രാജ്യത്ത് പ്രധാനമായും ഉപ്പ് എത്തുന്നത് ഗുജറാത്തില്‍ നിന്നാണ്. ഇവിടെ ഉപ്പിന് കടുത്ത ക്ഷാമം വരാന്‍ പോകുന്നുവെന്ന വ്യാജവാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് ഉപ്പിന്റെ വില കത്തിക്കയറിയത്.

ഉപ്പിന്റെ വില ചിലയിടങ്ങളിലെങ്കിലും ചെറിയ തോതില്‍ സംഘര്‍ഷങ്ങളും സൃഷ്ടിച്ചു.

ഡാര്‍ജിലീങ്ങില്‍ നിര്‍ബന്ധിച്ച് കട തുറപ്പിച്ചതിന് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അതേ സമയം കഴിഞ്ഞ മാസം ഉണ്ടായ ‘ഉള്ളി ക്ഷാമ’ത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഡാലോചനകള്‍ തന്നെയാണോ ഇതിന് പിന്നിലെന്ന സംശയവും വ്യാപകമാണ്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കേ അവശ്യ സാധനങ്ങള്‍ക്ക് ഇത്തരത്തില്‍ വിലക്കയറ്റം ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും അത് ജനവിധിയേയും ബാധിക്കും.

എന്നാല്‍ ഉപ്പ് ക്ഷാമം വ്യാജവാര്‍ത്തയാണെന്നും പരിഭ്രാന്തമാവാന്‍ തക്ക ഒന്നുമില്ലെന്നും ഭക്ഷ്യ- സിവില്‍ സപ്ലൈസ് സെക്രട്ടറി അറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തുടരുന്ന ആശങ്ക പരിഹരിക്കാന്‍ ഉപ്പ് നിര്‍മ്മാതാക്കളുടേയും കച്ചവടക്കാരുടേയും സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Tagged with: