തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കി. വിക്കയറ്റം തടയാന്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് ആര്യാടന്‍ മുഹമ്മദ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വിലക്കയറ്റം സംബന്ധിച്ച് ലോക് സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കിയില്ലെങ്കിലും തങ്ങള്‍ ഇതിന് തയ്യാറാണെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ സഭയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിലക്കയറ്റം അടിയന്തര പ്രശ്‌നമായി പരിഗണിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചക്ക് 12.30 നാണ് അടിയന്തര പ്രമേയത്തിന്‍മേല്‍ ചര്‍ച്ച ആരംഭിയ്ക്കുക.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കരള നിയമസഭയില്‍ അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ഇന്നലെ മൂന്നാര്‍ കൈയ്യേറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്തിരുന്നു.

സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ 18ാമത്തെ അടിയന്തര പ്രമേയ ചര്‍ച്ചയാണ് ഇന്ന് നടക്കുക. ഇന്നത്തെതടക്കം 20 അടിയന്തിരപ്രമേയത്തിനാണ് കേരള നിയമസഭ അനുമതി നല്‍കിയത്. രണ്ടു തവണപ്രാവിശ്യം സമയക്കുറവുമൂലം ചര്‍ച്ച നടന്നില്ല. ഈ സര്‍ക്കാരിന്റെ കാലാത്തെ നാലാമത്തെ അടിയന്തിര പ്രമേയ ചര്‍ച്ചയാണ് ഇന്ന് നടക്കുക. ഇതിന് മുമ്പ് കാലവര്‍ഷക്കെടുതി സംബന്ധിച്ച് 2007 ജൂലൈയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നിരുന്നു.